തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം ഇന്ന് തുടങ്ങും. യു.എ.ഇയിൽ നിന്ന് എയർ ഇന്ത്യ എക്സ് പ്രസ്സിന്റെ ഏഴ് വിമാനങ്ങളും ബഹ്റൈനിൽ നിന്ന് ഒരു വിമാനവുമാണ് ഇന്ന് കേരളത്തിലേക്ക് എത്തുന്നത്. ദുബൈയിൽ നിന്ന് കേരളത്തിലെ നാല് വിമാനത്താവളത്തിലേക്കും ഇന്ന് വിമാനമുണ്ട്.
അബൂദബിയിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വിമാനമെത്തും. ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്കാണ് സർവീസ്. ദുബൈ-കൊച്ചി വിമാനം വൈകുന്നേരം 5.25 ന് നെടുമ്പാശ്ശേരിയിൽ ഇറങ്ങും. ദുബൈ-കണ്ണൂർ വിമാനം വൈകുന്നേരം ആറിനും, ദുബൈ-കോഴിക്കോട് വിമാനം രാത്രി ഒമ്പതിനും നാട്ടിലെത്തും. തിരുവനന്തപുരത്തേക്കുള്ള ദുബൈ വിമാനം രാത്രി 11 നാണ് എത്തുക.
അബൂദബി- കോഴിക്കോട് രാത്രി ഏഴിനും അബൂദബി-തിരുവനന്തപുരം രാത്രി ഒമ്പതിനും അബൂദബി-കണ്ണൂർ രാത്രി 11 നും നാട്ടിൽ എത്തും. ബഹ്റൈൻ-കോഴിക്കാട് വിമാനവും രാത്രി 11 നാണ് ലാൻഡിങ്. ഗൾഫിൽ നിന്ന് 85 വിമാനങ്ങളാണ് ജൂൺ നാല് വരെ പ്രവാസികളെ എത്തിക്കുക. യു.എ.ഇയിൽ നിന്ന് മാത്രം കേരളത്തിലേക്ക് 56 വിമാനങ്ങൾ സർവീസ് നടത്തും. കോഴിക്കോട്ടേക്കാണ് ഏറ്റവും കൂടുതൽ വിമാനങ്ങൾ എത്തുന്നത്.