വണ്ടിപ്പെരിയാർ : ആറു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയത് 50 രൂപയ്ക്ക് മിഠായി വാങ്ങി നൽകിയെന്ന് കൊലക്കേസ് പ്രതിയുടെ കുറ്റസമ്മതം. വണ്ടിപ്പെരിയാറിൽ പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ അർജുനെ സ്ഥിരമായി മിഠായി വാങ്ങിയിരുന്ന കടയിലെത്തിച്ച് പോലീസ് തെളിവെടുത്തു. പ്രതിയെ കടയിലുള്ളവർ തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇയാൾ മിഠായി വാങ്ങിയിരുന്നെന്നും അവർ മൊഴി നൽകി.
കുട്ടിയെ പീഡിപ്പിക്കുന്നതിന് രണ്ടര വർഷത്തോളമായി അർജുൻ ഇവിടെനിന്നാണ് മിഠായി വാങ്ങിയിരുന്നത്.
സംഭവദിവസം കുട്ടിയുടെ വീട്ടിൽ ആരുമില്ലെന്ന് ഉറപ്പിച്ചതോടെ തിടുക്കത്തിൽ ഇവിടെയെത്തി മിഠായി വാങ്ങി മടങ്ങി. കടക്കാർക്ക് സംശയം തോന്നിയില്ല. പലപ്പോഴും ഇതേ തിടുക്കത്തിലാണ് ഇയാൾ മിഠായി വാങ്ങി പോകാറുള്ളതെന്നും കടക്കാർ മൊഴി നൽകി. ടി.വി. കണ്ടുകൊണ്ടിരുന്ന കുട്ടിക്ക് മിഠായി നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ ബോധം പോയി. തുടർന്നാണ് കുട്ടിയെ ഷാളിൽ കെട്ടിത്തൂക്കിയത്.
തുടർന്ന് ലയത്തിലെ ചെറിയ ജനലിലൂടെ പുറത്തിറങ്ങി അപ്പുറത്തെ ലയത്തിൽ പോയി വിശ്രമിച്ചു. തന്റെ നിലവിളി കേട്ടപ്പോൾ ആദ്യം ഓടിയെത്തിയത് അർജുനായിരുന്നെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു. മൃതദേഹ പരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്തിയതോടെയാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്. വണ്ടിപ്പെരിയാർ സി.ഐ. ടി.ഡി.സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.