കോട്ടയം : മൂര്‍ഖന്റെ കൊടുംവിഷത്തെ വാവ സുരേഷ് ഒരിക്കല്‍കൂടി തോല്‍പ്പിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിന്റെ ആരോഗ്യനിലയില്‍കാര്യമായ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച അദ്ദേഹം മുറിയിലൂടെ അല്‍പം നടന്നു. ഡോക്ടര്‍മാരുടെ സഹായത്തോടെയാണെങ്കിലും നടക്കാന്‍ കഴിഞ്ഞത് നല്ല ലക്ഷണമാണ്.
വാവ സുരേഷിനെ ഐസിയുവില്‍നിന്ന് തൊട്ടടുത്തുള്ള സ്പെഷ്യല്‍റൂമിലേക്ക് മാറ്റി സുരേഷിന് ഇപ്പോള്‍നല്ല ബോധമുണ്ട്. ഡോക്ടമാരോട് സംസാരിക്കുന്നുമുണ്ട്. ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് കൊടുക്കുന്നത്. നടക്കാന്‍ സാധിച്ചതിനാല്‍ പേശികള്‍ക്ക് ബലക്കുറവുണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിലേക്ക് ഓക്സിജന്‍ എത്തുന്നതും വര്‍ധിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍കൂടി നിരീക്ഷണത്തില്‍ തുടരും.