കോന്നി : വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആന്റ് ആജീവിക മിഷൻ ഗ്രാമീൺ പദ്ധതിയുടെ ഭാഗമായി വിദഗ്ധ തൊഴിലാളികളായ പ്ലംബർമാരുടെ ലേബർ ബാങ്ക് രൂപീകരണവും ശില്പശാലയും നടന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ലേബർ ബാങ്ക് രൂപീകരണത്തിന്റെയും വിദഗ്ധ തൊഴിലാളികളുടെ തൊഴിൽ കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അധ്യക്ഷത വഹിച്ചു. വിബി ജി റാംജി പദ്ധതിയെപ്പറ്റിയും പദ്ധതിയിലൂടെ ഏറ്റെടുക്കാൻ സാധിക്കുന്ന വിവിധ പ്രവർത്തികളെപ്പറ്റിയും പത്തനംതിട്ട ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ ക്ലാസ് നയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വിബി ജി റാംജി പദ്ധതി വഴി നടപ്പാക്കേണ്ട അടിയന്തിര പ്രവർത്തനങ്ങൾക്ക് കളക്ടർ രൂപരേഖ നൽകി. തലക്കുളങ്ങളുടെ പുനരുദ്ധാരണം, മൈനർ ഇറിഗേഷൻ വകുപ്പുമായി ചേർന്ന് തോടുകളിൽ സമഗ്രമായ ജലസംരക്ഷണ പ്രവർത്തനങ്ങൾ, എല്ലാ അങ്കണവാടികളിലും ഗ്രൗണ്ട് വാട്ടർ റീചാർജിങ് സംവിധാനങ്ങൾ ഏർപ്പെടുത്തുക, ജലക്ഷാമം രൂക്ഷമാകുന്ന വാർഡുകളിൽ മാതൃകാപരമായ കിണർ റീചാർജിങ് സംവിധാനങ്ങൾ നടപ്പിലാക്കുക, വനസംരക്ഷണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാൻ സാധിക്കുന്ന പ്രവൃത്തികൾ എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകി എല്ലാ പഞ്ചായത്തുകളിലും പദ്ധതികൾ നടപ്പാക്കണമെന്ന് കളക്ടർ നിര്‍ദേശം നല്‍കി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അമ്പിളി ടീച്ചർ, സന്തോഷ് കുമാർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ രേഷ്മ ബി., റോജി എബ്രഹാം, ബിന്ദു പ്രദീപ്, വിൻസൺ തുണ്ടിയത്ത്, സുശീല അജി, ലില്ലി ബാബു, ബീന സോമൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രിയ എസ്.തമ്പി, റോബിൻ മോൻസി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി.ശിവദാസ്, സുനിൽ കുമാർ എസ്., പി.സി.ശ്രീകുമാർ, സൗദ റഹീം, ഗീത പി., റോസമ്മ ബാബുജി, ജില്ലാ ജോയിന്റ് പ്രോഗ്രാം കോ – ഓഡിനേറ്റർ കെ.ഇ.വിനോദ് കുമാർ, വിവിധ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാർ, വിബി ജി റാംജി ജില്ലാ എഞ്ചിനീയർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർമാർ (എ.ഇ.മാർ), ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്, മൈനർ ഇറിഗേഷൻ, വനം വകുപ്പ് തുടങ്ങിയ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും ശില്പശാലയിൽ പങ്കെടുത്തു.





























