റാന്നി : ലോക കാഴ്ച ദിനത്തിൽ ‘കാഴ്ച’ നേത്രദാന സേനയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. എല്ലാ വർഷവും ഒക്ടോബറിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. പൂർണ്ണമായി കാഴ്ച നഷ്ടപെട്ടവരുടെയും കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരുടെയും പുരോഗതിക്കുവേണ്ടിയാണ് ഈ ദിനം തെരഞ്ഞെടുത്തിരിക്കുന്നത്. കാഴ്ച ദിനത്തിനോടനുബന്ധിച്ച് ലോകത്തെമ്പാടും വിവിധ പരിപാടികളാണ് നടക്കുന്നത്. ഈ ദിനത്തിൽ കാഴ്ച നേത്രദാന സേന നടത്തുന്ന പരിപാടികളും ശ്രദ്ധേയമാണ്. അന്ധത പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് കാഴ്ച നേത്രദാന സേനയുടെ പ്രവർത്തനം. അതിനായി ഒട്ടനവധി പരിപാടികളും നടത്തുന്നുണ്ട്.
പ്രശസ്ത ചലച്ചിത്ര നടൻ കമലഹാസൻ, മമ്മുട്ടി, തമിഴ് നോവലിസ്റ്റ് ചാരു നിവേദിത, മലങ്കര ക്നാനായ സഭയുടെ മെത്രോപ്പോലീത്തമാരായ കുറിയാക്കോസ് മാർ ഇവാനിയോസ്, കുറിയാക്കോസ് മാർ ഗ്രിഗോറിയോസ്, യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവര്‍ഗീസ് മാർ കുറിലോസ്, ഒർത്തഡോക്സ് മെത്രോപ്പോലീത്ത മാർ അപ്രേം, മജീഷ്യൻ സാമ്രാജ് തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകൾ മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ സന്നദ്ധരായി കാഴ്ച നേത്രദാന സേനയ്ക്കൊപ്പം പ്രവർത്തിക്കുന്നു.
2005 ഫെബ്രുവരിയിൽ രൂപീകൃതമായ കാഴ്ചയിലൂടെ മരണശേഷം കണ്ണുകൾ ദാനമായി നൽകാൻ തയാറായി 8967 അംഗങ്ങൾ പ്രവർത്തക്കുന്നുണ്ട്. കാഴ്ചയിൽ അംഗമായി മരണമടഞ്ഞ 15 പേരുടെ കണ്ണുകൾ 30 അന്ധരായ മനുഷ്യർക്ക് ഇന്ന് വെളിച്ചമേകുകയാണ്. കാഴ്ചയിലെ അംഗങ്ങൾ മരണമടയുമ്പോൾ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അന്ധതാ നിവാരണ സമിതിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം മൂന്നുമണിക്കൂറിനകം വീട്ടിലോ ആശുപത്രിയിലോ എത്തി നേത്രപടലം ശേഖരിച്ച് സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നൽകും. അവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള അന്ധരായ മനുഷ്യർക്ക് മുൻഗണനാക്രമത്തിൽ ശസ്ത്രക്രിയ നടത്തി കാഴ്ച നൽകും. കാഴ്ചയിൽ അംഗമാകാൻ രജിസ്ട്രേഷൻ ഫീസോ മെമ്പർഷിപ്പ് ഫീസോ ഇല്ല. കണ്ണുകൾ ദാനമായി നൽകുവാൻ തയ്യാറാകുന്ന ഏതൊരു വ്യക്തിക്കും സൗജന്യമായി കാഴ്ചയിൽ അംഗമാകാം.
നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും കാഴ്ച നേത്രദാന സേന നേതൃത്വം നൽകി വരുന്നു. ശബരിമല വനാന്തരങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന വനവാസികളായ കുടുംബങ്ങളുടെ ക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഇവർക്കാവശ്യമായ ഭക്ഷ്യ സാധനങ്ങൾ, വസ്ത്രങ്ങൾ, മരുന്ന് എന്നിവ എത്തിച്ചു നൽകുന്നു. കൊറോണ കാലത്ത് ഡോക്ടർമാരെ ഇവരുടെ ഊരുകളിലെത്തിച്ച് വൈദ്യ സഹായം നൽകി. സ്‌കൂൾ തുറക്കുന്ന സമയത്ത് കുട്ടികൾക്ക് പുത്തൻ വസ്ത്രങ്ങളും പഠനോപകരണങ്ങളും നൽകി. സ്‌കൂളുകൾ, കോളേജുകൾ കേന്ദ്രീകരിച്ച് നേത്രദാന ബോധവത്ക്കരണ പരിപാടികൾ, സെമിനാറുകള്‍ എന്നിവ നടത്തുന്നുണ്ട്.
ചലചിത്ര സംവിധായകൻ ബ്ലെസ്സി ചെയർമാനും യുവജന നേതാവും കേരള പബ്ലിക് സർവീസ് കമ്മീഷൻ മുൻ അംഗവുമായ അഡ്വ.റോഷൻ റോയ് മാത്യു ജനറൽ സെക്രട്ടറിയുമായ കമ്മറ്റിയാണ് കാഴ്ചയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എല്ലാ ജില്ലകളിലും അന്ധതാനിവാരണ സമിതിയുമായി ചേർന്നാണ് കാഴ്ചയുടെ പ്രവർത്തനം. ഇങ്ങനെ ഇതുവരെ 30 പേർക്കാണ് കാഴ്ച നൽകുവാൻ കഴിഞ്ഞത്. മധുര അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ കേരളമെമ്പാടും സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും കാഴ്ച നടത്തുന്നുണ്ട്. 131 ക്യാമ്പുകളിലായി ഇതുവരെ 96,143 പേർക്ക് സൗജന്യ ചികിത്സയും 29,114 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്.































