തൃശ്ശൂര്‍ : ജില്ലയില്‍ കോവിഡ് ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. തമ്പാന്‍കടവില്‍ ഒരാളും തൃക്കൂരില്‍ രണ്ടു പേരുമാണ് മരിച്ചത്.
കോവിഡ് ബാധിച്ച തമ്പാന്‍കടവ് വാക്കാട്ട് പ്രകാശന്‍ (68) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഈ മാസം 24നാണ് ഇയാള്‍ക്ക് പനി ബാധിച്ചത്. രോഗലക്ഷണവും കണ്ടതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
പ്രമേഹരോഗി കൂടിയായിരുന്നു പ്രകാശന്‍. മുമ്പ് വാടാനപ്പള്ളിയിലെ വിവിധ ഇടങ്ങളില്‍ വാച്ച്‌മാനായി ജോലി നോക്കിയിരുന്ന അദ്ദേഹം, വേട്ടുവ മഹാസഭ ചാവക്കാട് താലൂക്ക് മുന്‍ പ്രസിഡന്‍റായിരുന്നു. പട്ടിക ജാതിക്കാരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: ഓമന. മക്കള്‍: രാജേഷ്, രാഗേഷ്, രേഖ.
തൃക്കൂരിലാണ് കോവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചത്. പൂണിശേരി അഗതി മന്ദിരത്തിലെ അന്തേവാസി രാജമ്മ (76), കല്ലൂര്‍ പടിഞ്ഞാട്ടുമുറി കൊളങ്ങര കുപ്പി റാഫേല്‍ ഭാര്യ ലിസി (70) എന്നിവരാണ് മരിച്ചത്. ഇതോടെ 24 മണിക്കൂറിനുള്ളില്‍ തൃക്കൂര്‍ പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.