തിരുവനന്തപുരം : കഴക്കൂട്ടം കരിച്ചാറയില്‍ കെ – റെയില്‍ കല്ലിടല്‍ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മര്‍ദ്ദനം കൊണ്ട് അടിച്ചു അമര്‍ത്താനാകില്ല. ഒരു സ്ഥലത്തും കെ – റെയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. കല്ലിട്ടാല്‍ പിഴുത് ഏറിയുമെന്നും സതീശന് പറഞ്ഞു. ഒരു പോലീസുകാരന് ബൂട്ട് ഇട്ട് നാഭിക്ക് ചവിട്ടി. മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി. ഇതിന്റെ തെളിവുകളൊക്കെ ഇപ്പോള്‍ മാധ്യമങ്ങളില്‍ ദൃശ്യങ്ങളായി വന്നുകഴിഞ്ഞു.
ഡല്‍ഹി പോലീസ് കാണിക്കുന്നത് പോലെ തന്നെയാണ് കേരളാ പോലീസും കാണിക്കുന്നത്. കാടന്‍ രീതിയില്‍ ആണ് സമരത്തെ പിണറായി പോലീസ് നേരിടുന്നതെന്നും സതീശന് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കാലുയര്‍ത്തുന്ന പോലീസുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ കാലുയര്‍ത്തുന്നതിന് മുമ്പ് മൂന്ന് പ്രാവശ്യം ആലോചിക്കണം. ഭീഷണി എങ്കില്‍ ഭീഷണി ആയി തന്നെ ഇതിനെ കണക്കാക്കാം. ഇത്തരം അതിക്രമം കേരളത്തില്‍ വച്ചു വാഴിക്കില്ലെന്നും സതീശന് മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.