തിരുവനന്തപുരം : കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 1956 ലെ ഇഎംഎസ് സര്‍ക്കാര്‍ മുതല്‍ 2016 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരം ഒഴിയുന്നത് വരെ വരുത്തിയ പൊതുകടം ഒരു ലക്ഷത്തി അന്‍പതിനായിരം കോടി രൂപയായിരുന്നെങ്കില്‍ കഴിഞ്ഞ നാലര വര്‍ഷത്തെ ഇടതു ഭരണത്തില്‍ ഇതിനോടകം പൊതുകടം രണ്ട് ലക്ഷത്തി എഴുപത്തിയയ്യായിരം കോടി രൂപയായി മാറിയെന്നും 2020 -21 സാമ്പത്തിക വര്‍ഷാന്ത്യത്തോടെ അതു മൂന്നുലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന പലിശ നിരക്കില്‍ കിഫ്‌ബി വാങ്ങി കൂട്ടുന്ന കടം ഇതിനു പുറമെയാണെന്നും കേരളത്തില്‍ പിറക്കുന്ന ഓരോ കുഞ്ഞും 75000 രൂപയുടെ കടവുമായാണ് ജനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ “കേരളത്തിന്റെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികള്‍” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വെബിനാര്‍ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതി പിരിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ട ഇടത് സര്‍ക്കാര്‍ സ്വര്‍ണ നികുതി പിരിച്ചെടുക്കുന്നതില്‍ അക്ഷന്ത്യവ്യമായ വീഴ്ചയാണ് വരുത്തിയത്. ജിഎസ്ടി നടപ്പിലാക്കുന്നതിനുമുമ്പ് 1.25 ശതമാനമാനം വച്ച് 750 കോടി രൂപ സ്വര്‍ണ നികുതിയായി കിട്ടിയിരുന്ന സ്ഥാനത്തു ജിഎസ്ടി മൂന്നു ശതമാനമായി മാറിയപ്പോള്‍, 2018ല്‍ നികുതിയായി കിട്ടിയത് വെറും 200 കോടി രൂപ മാത്രമായിരുന്നു.1800 കോടി രൂപ കിട്ടേണ്ട സ്ഥാനത്താണ് ഇത്. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുന്നതിനൊപ്പം, നികുതിപിരിവ് ഊര്‍ജിതമാക്കുകയും ചെയ്തില്ലെങ്കില്‍ സംസ്ഥാനം കടക്കെണിയിലകപ്പെടുമെന്നും അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.