കൊച്ചി: സി.പി.എമ്മുമായി ബന്ധമുള്ളവര്‍ പുറത്തു പറയാന്‍ കൊള്ളാത്ത കേസുകളില്‍ അകപ്പെടുന്നത് പാര്‍ട്ടിയുടെ അപചയമാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ എം.എല്‍.എ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്ത വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്നവര്‍ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തെറ്റാണെന്നാണ് സി.പി.എം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സി കേരളത്തില്‍ എത്തുന്നതെന്നും മടിയില്‍ കനമില്ലാത്തതു കൊണ്ട് ഭയക്കേണ്ടതില്ലെന്നുമാണ് സി.പി.എം നേതാക്കള്‍ പറഞ്ഞത്. എന്നാല്‍, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെ ചോദ്യം ചെയ്തതിന്‍റെ പിറ്റേദിവസം നിലപാടില്‍ മലക്കം മറിഞ്ഞു.
മന്ത്രി കെ.ടി ജലീലിനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തപ്പോള്‍ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പ് ഇറക്കിയെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.