പത്തനംതിട്ട : ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന പച്ചക്കറികളുടെ വിലയിൽ പ്രതിദിന വർധന. ഉള്ളിയുടെയും സവാളയുടേതുമടക്കം പ്രതിദിന ഉപയോഗത്തിനുള്ള സാധനങ്ങൾക്കാണ് വില കൂടിയിട്ടുള്ളത്.
ഇന്നലെ കോഴഞ്ചേരി, പുല്ലാട് മാർക്കറ്റുകളിൽ ഉള്ളിയുടെ മൊത്തവില കിലോഗ്രാമിന് 95 രൂപയായിരുന്നു. സവാള 85, കാരറ്റ് 80, കിഴങ്ങ് 47 എന്നിങ്ങനെയായിരുന്നു മറ്റു വില. രണ്ടാഴ്ച മുന്പുവരെ അഞ്ചു കിലോഗ്രാം സവാള 100 രൂപയ്ക്ക് ലഭിക്കുമായിരുന്നു. വളരെ പെട്ടെന്നാണ് പച്ചക്കറിയുടെയും ഉള്ളിയുടെയും വില കയറിയത്. മഹാരാഷ്ട്രയിലെ പൂനെയിൽനിന്നാണ് സവാള കൂടുതലും എത്തുന്നത്. അധിക മഴയും ഉള്ളിയുടെ ലഭ്യതക്കുറവുമാണ് വില വർധനയ്ക്കു കാരണമായിരിക്കുന്നതെന്നും കോഴഞ്ചേരിയിലെയും പുല്ലാട്ടിലെയും മൊത്തവ്യാപാരികൾ പറയുന്നു. മുൻ കാലങ്ങളിൽ ബംഗളൂരുവിൽ നിന്നും കാരറ്റ് ലഭിക്കുമായിരുന്നു.
എന്നാൽ ഇപ്പോൾ ഊട്ടിയിൽ നിന്നു മാത്രമാണ് കാരറ്റ് ലഭിക്കുന്നത്. തമിഴ്നാട്ടിലും മറ്റുമുണ്ടായ മഴ നിമിത്തം വിളവെടുപ്പ് മുടങ്ങിയതും പച്ചക്കറിക്ക് വില വർധിക്കാൻ കാരണമായിട്ടുണ്ട്. ഈജിപ്തിൽ നിന്നും സവാള ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ആളുകൾക്ക് ഇതിന്റെ സ്വാദ് ഇഷ്ടമല്ലെന്നും വ്യാപാരികൾ പറഞ്ഞു. മുരിങ്ങക്കായ പോലെയുള്ള വിഭവങ്ങളുടെയും വിലയും വർധിച്ചിട്ടുണ്ട്.
നീലഗിരിയിൽ നിന്നും മുൻകാലങ്ങളിൽ കാരറ്റ് എത്തിയിരുന്നെങ്കിൽ ഇപ്പോൾ വളരെ കുറച്ചു മാത്രമാണ് പൊതുമാർക്കറ്റിൽ എത്തുന്നത്. ഇതും വില വർധനയ്ക്ക് കാരണമായിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു.