കണ്ണൂര്‍ : ബൈക്കിന്റെ മുന്‍സീറ്റ് കവറില്‍ നിറയെ കല്ലുകള്‍ കരുതി തന്നെ മറികടന്ന് പോകുന്ന വാഹനങ്ങളുടെ ചില്ല് എറിഞ്ഞു തകര്‍ക്കുന്നയാളെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ തന്ത്രപരമായി പിടികൂടി.
ചാല ഈസ്റ്റ് കോയ്യോട് പൊതുവാച്ചേരി റോഡിലെ മെഹര്‍ ടെക് സ്റ്റൈയിലിന് സമീപം താമസിക്കുന്ന വാഴയില്‍ വീട്ടില്‍ സി.എച്ച് ഷംസീറാണ് (47) അറസ്റ്റിലായത്. രണ്ട് ആംബുലന്‍സ് ഉള്‍പ്പെടെ ഏഴു വാഹനങ്ങളാണ് ഇയാള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. അഞ്ചു കാറുകള്‍ക്കു നേരെയും കല്ലേറുണ്ടായി. അന്വേഷണ സംഘത്തില്‍ എ.എസ്.ഐമാരായ അജയന്‍, രഞ്ചിത്ത്, നാസര്‍ എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ താണ സ്വദേശി തസ്ലീമിന്റെ ഫോക്‌സ് വാഗണ്‍ പോളോ കാറിന്റെ ചില്ലുകള്‍ തകര്‍ത്തതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. നേരത്തെ കിഴുത്തള്ളി ബൈപാസില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായിരുന്നുവെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ പോലീസ് സി.സി.സി.ടി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഷംസീറിന്റെ ബൈക്ക് നമ്പര്‍ വ്യക്തമായത്. ഓവര്‍ ടേക്കു ചെയ്യുന്ന വേഗമേറിയ വാഹനങ്ങള്‍ കണ്ടാല്‍ താന്‍ കല്ലെറിയാറുണ്ടെന്ന് ഷംസീര്‍ പോലീസിന് മൊഴി നല്‍കി. ഇതിനായി ബൈക്കിന്റെ മുന്‍വശത്തെ സീറ്റ് കവറിലാണ് കല്ലുകള്‍ സൂക്ഷിക്കുന്നത്.