കോട്ടയം: ബസില്‍ നിന്ന് വിണ് ഗുരുതര പരിക്കേറ്റ വൃദ്ധ മരിച്ചു. കോട്ടയം വെള്ളൂര്‍ തെക്കേക്കൂറ്റ് അന്നമ്മ ചെറിയാന്‍ (85) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ശനിയാഴ്ച മണര്‍ക്കാട് പള്ളി കവലക്ക് സമീപമാണ് അപകടമുണ്ടായത്. വീട്ടിലേക്ക് മടങ്ങുന്നതിനായി കോട്ടയം-പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലേക്ക് കയറുന്നതിനിടെയാണ് സംഭവം. ബസിന്റെ ആദ്യ വാതില്‍പടിയില്‍ കയറുമ്പോഴേയ്ക്കു കണ്ടക്ടര്‍ ബെല്ലടിക്കുകയും വൃദ്ധ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
റോഡില്‍ വീണ അന്നമ്മയുടെ രണ്ട് കാലുകളിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. കൂടാതെ ഇടുപ്പെല്ലിനും പരിക്കേല്‍ക്കുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അന്നമ്മയുടെ വലതുകാല്‍ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. ജീവനക്കാരുടെ അശ്രദ്ധയാണ് അപകട കാരണമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ബസ് പിടിച്ചെടുത്തിരുന്നു. വൃദ്ധ മരണപ്പെട്ടതോടെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യക്കും കേസെടുക്കും.