ലാ ഗ്വെയ്‌റ (വെനസ്വേല): വെനസ്വേലയെ ദുരിതത്തിലാക്കിയ ഇരട്ട ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 235 ആയി. 4,300ൽ അധികം പേർക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രി കാർലോസ് അൽവാരാഡോ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ആയിരക്കണക്കിനു പേരെ ഇനിയും കണ്ടെത്താനാകാത്തതിനാൽ മരണസംഖ്യ ഉയരുമെന്ന ആശങ്കയുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടാണ് 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങൾ തുടർച്ചയായി ഉണ്ടായത്. വെനസ്വേലയിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണിത്. ഭൂചലനത്തിന്റെ ആഘാതം ബ്രസീലിലെ ആമസോൺ മേഖലയിലേക്കും അനുഭവപ്പെട്ടതോടെ നിരവധി കെട്ടിടങ്ങൾ ഒഴിപ്പിച്ചു.
തലസ്ഥാനമായ കരകാസിന് വടക്കുള്ള ലാ ഗ്വെയ്‌റ തീരപ്രദേശത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. രാജ്യത്തെ പ്രധാന രാജ്യാന്തര വിമാനത്താവളത്തിനും കേടുപാടുകൾ സംഭവിച്ചതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. അതേസമയം സിമന്റ് സ്ലാബിനടിയിൽ കുടുങ്ങിയ സ്ത്രീയെ ജീവനോടെ രക്ഷപെടുത്തിയതടക്കമുള്ള ദൃശ്യങ്ങൾ വെനസ്വേലൻ ടെലിവിഷൻ പുറത്തുവിട്ടു. കുട്ടികളടക്കം നിരവധി പേരെ പരുക്കുകളോടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നു രക്ഷപെടുത്തി. കരകാസിന് പുറത്തുള്ള മേഖലകളിൽ സർക്കാർ രക്ഷാസംഘങ്ങൾ ആവശ്യത്തിന് എത്തിയിട്ടില്ലെന്നാണു നാട്ടുകാരുടെ പരാതി.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഭൂകമ്പ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി ഒക്ടോബർ 23 വരെ ഉപരോധത്തിൽ ഇളവ് നൽകാൻ യുഎസ് ട്രഷറി തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രക്ഷാസംഘങ്ങളെ ലാ ഗ്വെയ്‌റയിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മെക്സിക്കോ, ബ്രസീൽ, ഖത്തർ, സ്പെയിൻ, പോർച്ചുഗൽ, കാനഡ തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തു. സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ, മെഡിക്കൽ സംഘങ്ങൾ, മരുന്നുകൾ, ജലശുദ്ധീകരണ ഉപകരണങ്ങൾ, വിമാനങ്ങൾ, ഡ്രോണുകൾ എന്നിവ ദുരന്തബാധിത മേഖലയിലേക്ക് എത്തിത്തുടങ്ങി. പ്രത്യേക രക്ഷാസംഘങ്ങളെയും മെഡിക്കൽ സഹായവും ഉടൻ അയയ്ക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അറിയിച്ചു.






























