പത്തനംതിട്ട : കുമ്പഴ വെട്ടൂരില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, നിരവധിപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. പണി നടക്കുന്നതിനാല്‍ പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ കുമ്പഴ മുതല്‍ കോന്നി വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ മുഴുവന്‍ വാഹനങ്ങളും ഇപ്പോള്‍ കടന്നുപോകുന്നത് കുമ്പഴ – വെട്ടൂര്‍ റോഡില്‍ക്കൂടിയാണ്.
കോന്നി ഭാഗത്തുനിന്നും കുമ്പഴയിലേക്ക് വന്ന ടിപ്പര്‍ ലോറിക്ക് സൈഡ് കൊടുക്കുമ്പോള്‍ ഇടക്ക് കയറിവന്ന കാറില്‍ ഇടിക്കാതിരിക്കുവാന്‍ പുനലൂരിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസ്സ് ബ്രേക്ക് ചെയ്ത് നിര്‍ത്തിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. പിന്നാലെ വന്ന സ്വകാര്യ ബസ്സ് (വേണാട്) മുന്നില്‍ നിര്‍ത്തിയ ബസ്സിന്റെ പിന്നില്‍ നിര്‍ത്തിയെങ്കിലും പിന്നാലെ എത്തിയ കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം ബസ്സ് വേണാടിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ മുന്നിലുണ്ടായിരുന്ന ബസ്സും ഇടിച്ചുനീക്കി. മൂന്നു ബസ്സിലും ഉണ്ടായിരുന്ന നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മലയാലപ്പുഴ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേത്രുത്വം നല്‍കുന്നു.