കോന്നി : അടൂർ പ്രകാശ് ഒരു രാഷ്ട്രീയ യാഥാർത്ഥ്യമാണെന്ന് മനസ്സിലാക്കാത്ത ചില നേതാക്കളാണ് അദ്ദേഹത്തിനെതിരായി അനാവശ്യ വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ് ആരോപിച്ചു.
കാൽനൂറ്റാണ്ടുകാലം കോന്നി മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുകയും വികസന പ്രക്രിയകളിൽ മറ്റേത് നിയോജകമണ്ഡലത്തിനേയും വെല്ലുന്ന വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്ത അടൂർ പ്രകാശിന്റെ കാലഘട്ടം കോന്നിയെ സംബന്ധിച്ചിടത്തോളം സുവർണ്ണലിപികളിൽ രേഖപ്പെടുത്തപ്പെടുത്തപ്പെട്ട കാലമാണ്. ഉപതെരഞ്ഞെടുപ്പിൽ അടക്കം അദ്ദേഹത്തിന്റെ വാക്കുകൾക്ക് താനടക്കമുള്ളവർ വില കൊടുത്തിരുന്നുവെങ്കിൽ കോന്നിയിൽ നിന്ന് അതിശക്തനായ ഒരു കോൺഗ്രസ് എംഎൽഎ ഉണ്ടാകുമായിരുന്നു.
ഇപ്പോൾ പൊതുതെരഞ്ഞെടുപ്പ് സമയത്തും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി എന്നുള്ള രീതിയിൽ ജയസാധ്യതയുള്ള ഒരു സ്ഥാനാർഥി എന്ന് റോബിൻ പീറ്ററിന്റെ പേര് അടൂർ പ്രകാശ് പ്രതിപാദിച്ചത് തികച്ചും യാദൃശ്ചികമാണ്. ഇതില്‍ യാതൊരു അച്ചടക്ക ലംഘനവും ഇല്ല. കോന്നിയിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി എല്ലാ നേതാക്കളും പ്രവർത്തകരും ഒരേ മനസ്സോടുകൂടി രംഗത്ത് ഇറങ്ങേണ്ട സമയത്ത് വിവാദ പ്രസ്താവനകളിലൂടെ അനുകൂലസാഹചര്യം വഷളാക്കാൻ ശ്രമിക്കുന്ന നടപടി കോൺഗ്രസ് നേതൃത്വം കർശനമായി വിലക്കണമെന്ന് ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു.
ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും കൂടുതൽ അവസരങ്ങൾ നൽകും എന്നുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ച് കോന്നിയിൽ വരുന്ന ഏറ്റവും ഉചിതമായ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നുള്ളതാണ് എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും കടമ. ഇനിയും ഗ്രൂപ്പും ജാതിയും മതവും പറഞ്ഞ് പരസ്പരം ചെളിവാരിയെറിഞ്ഞാല്‍ പിന്നീട് ദുഖിക്കേണ്ടിവരുമെന്നും ജ്യോതി പ്രസാദ് മുന്നറിയിപ്പു നല്‍കി.