പാലക്കാട്: ചെറിയച്ഛന്‍ പ്രതിയായ പോക്‌സോ കേസില്‍ മൊഴി അനുകൂലമാക്കാന്‍ അതിജീവിതയെ തട്ടിക്കൊണ്ട് പോയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന്റേയും മാതാവിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. ഈ മാസം 16നാണ് കേസില്‍ വിചാരണ തുടങ്ങുന്നത്. ഇതിനു മുന്നോടിയായാണ് രണ്ട് ദിവസം മുമ്പ് കേസിലെ പ്രതിയും കുട്ടിയുടെ പിതാവും മാതാവും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയത്. ഒടുവില്‍ കുട്ടിയെ ഗുരുവായൂരിലെ ലോഡ്ജില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാതായത് മുതല്‍ പിതാവിന്റെയും മാതാവിന്റെയും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആയിരുന്നു. പെണ്‍കുട്ടി ഇവര്‍ക്ക് ഒപ്പമാകാം എന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇതാണ് പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായിച്ചത്. ഇന്നലെ രാത്രി പാലക്കാടെത്തിച്ച പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കിയ ശേഷം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ സംരക്ഷണത്തിനും ഭാവിയിലേക്കുമായി അഞ്ചിന പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സി.ഡബ്ല്യു.സി ചെയര്‍മാന്‍ പറഞ്ഞു.






























