തിരുവനന്തപുരം : കാർഷിക കരിനിയമങ്ങൾക്കെതിരെ രാജ്യത്തെ പൊരുതുന്ന ജനത നേടിയ വിജയമാണിതെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള എ.വിജയരാഘവൻ പറഞ്ഞു. ധനമുതലാളിത്തത്തിന്റെ താൽപര്യങ്ങളെ സംരക്ഷിക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്തുകയും സാധാരണ ജനങ്ങളെ മറന്നുകൊണ്ടുമുള്ള കേന്ദ്ര നിലപാടിനെതിരായ വിജയം കൂടിയാണിത്.
പാർലമെൻറിലെ അംഗബലംകൊണ്ട് ജനങ്ങളെ പൂർണമായി അടിച്ചമർത്താനാവില്ല എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ വിജയം. രാജ്യത്തിന് പുറത്ത് സാർവ്വദേശീയ തലത്തിൽത്തന്നെ ശ്രദ്ധയാകർഷിച്ച സമരമാണ് ഇത്. രാജ്യത്തിന്റെ സമരപോരാട്ടങ്ങളുടെ ചരിത്രത്തിൽ ആവേശകരമായ മുന്നേറ്റത്തിന്റെ വഴിതുറക്കുന്ന ഒന്നുകൂടിയാണ് ഈ സമര വിജയമെന്ന് വിജയരാഘവൻ പറഞ്ഞു.