തിരുവനന്തപുരം : വിജിലന്‍സ് അന്വേഷണത്തിനെയും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് വി.ഡി സതീശന്‍. കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനെതിരായ വിജിലന്‍സ് അന്വേഷണത്തെ എതിര്‍ക്കുന്ന നിലപാട് കോണ്‍ഗ്രസോ സുധാകരനോ ഒരു കാലത്തും എടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബ്രണ്ണന്‍ കോളേജുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന ഒരു വാഗ്വാദത്തിന്റെ പശ്ചാത്തലത്തില്‍ സുധാകരനുമായി പിണങ്ങിപോയ അദ്ദേഹത്തിന്റെ ഡ്രൈവറെ കൊണ്ട് പരാതി കൊടുപ്പിക്കുകയായിരുന്നുവെന്ന് സതീശന്‍ പറഞ്ഞു.
കണ്ണൂര്‍ ഡി.സി.സി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് സുധാകരന്റെ മുന്‍ ഡ്രൈവറായ പ്രശാന്ത് ബാബുവിന്റെ പരാതി. കഴിഞ്ഞ ജൂണ്‍ ഏഴിനാണ് പ്രശാന്ത് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നാണ് സുധാകരന്‍ പറഞ്ഞത്.
എന്നാല്‍ വിജിലന്‍സ് അന്വേഷണത്തെ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഉപയോഗിച്ചാല്‍ തങ്ങള്‍ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സുധാകരനെതിരെ നല്‍കിയ പരാതിയില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന പ്രാഥമിക അന്വേഷണത്തിനു ശേഷം വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഇന്ന് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.