പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യജാഗ്രതയ്ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ഇതിനായി ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ അധ്യക്ഷതയില്‍ നടന്നു. ദേശീയ വിരവിമുക്ത ദിനം, ജലജന്യ രോഗനിയന്ത്രണം, സാംക്രമിക രോഗനിയന്ത്രണം, കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാളെ (8) ദേശീയ വിരവിമുക്ത ദിനമായി ആചരിക്കും. ജില്ലയിലെ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള 2,24,410 കുട്ടികള്‍ക്ക് അങ്കണവാടികളിലും വിദ്യാലയങ്ങളിലും വിരക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും.
വിരബാധ കുട്ടികളുടെ ശാരീരിക, മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ശുചിത്വശീലങ്ങള്‍ കര്‍ശനമായി പാലിച്ച് ആറു മാസം ഇടവിട്ട് വിരക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കണം. പാര്‍ശ്വഫലങ്ങളില്ലാത്തതും ഫലപ്രദവും സൗജന്യമായ വിരഗുളികകള്‍ സ്‌കൂളുകളിലും അങ്കണവാടികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരും ക്ലാസ് ടീച്ചറുമാണ് ഗുളിക നല്‍കുക. ഒരു വയസിനും രണ്ട് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പകുതി ഗുളികയും രണ്ടു വയസ് മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു ഗുളികയുമാണ് നല്‍കുക. സ്‌കൂളുകളിലും അങ്കണവാടികളിലും പോകാത്ത കുട്ടികള്‍ക്ക് ആശപ്രവര്‍ത്തകരുടെ സഹകരണത്തോടെ ഗുളികകള്‍ നല്‍കും. നാളെ (ഫെബ്രുവരി 8) ഗുളികകള്‍ കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഫെബ്രുവരി 15 ന് നല്‍കും. വിദ്യാഭ്യാസവകുപ്പ്, സാമൂഹ്യനീതിവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനം സംഘടിപ്പിക്കുന്നത്.
വിരബാധിതരായ കുട്ടികളില്‍ പോഷണവൈകല്യവും വിളര്‍ച്ചയും മൂലം ക്ഷീണിതരായിട്ടാകും കാണപ്പെടുക. വയറു വേദന, ഛര്‍ദ്ദി, വയറിളക്കം, വിളര്‍ച്ച, തൂക്കകുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ വിരബാധയുടെ കുട്ടികളില്‍ ഉണ്ടാകും.
ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ഭക്ഷണം കഴിച്ചതിനു ശേഷവും കൈകള്‍ കഴുകുക, ഭക്ഷണം അടച്ച് സൂക്ഷിക്കുക, ശുദ്ധമായ ജലം കുടിക്കുക, കുട്ടികളുടെ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, ചെരുപ്പുകള്‍ ധരിക്കുക, ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക, തുറസായ സ്ഥലങ്ങില്‍ വിസര്‍ജ്ജ്യം ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വിരബാധ തടയാം.
വയറിളക്ക രോഗ നിയന്ത്രണ വാരാചരണം ഫെബ്രുവരി 14 മുതല്‍ 28 വരെ ആചരിക്കും. വയറിളക്കം മൂലമുള്ള നിര്‍ജ്ജലീകരണത്തിലൂടെ മരണങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്തും. അഞ്ചു വയസില്‍ താഴെയുള്ള എല്ലാ കുട്ടികളും അവരുടെ രക്ഷിതാക്കളും വയറിളക്കം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഈ വയസിലുള്‍പ്പെടുന്ന കുട്ടികളെയും ലക്ഷ്യമിട്ടാണ് വാരാചരണം നടത്തുന്നത്. കുട്ടികളുടെ പ്രതിരോധവും പരിപാലനവും ഉറപ്പാക്കുന്നതിന് ഓആര്‍എസ്, സിങ്ക് എന്നിവയുടെ കോര്‍ണറുകള്‍ സ്ഥാപിച്ച് അവയുടെ ലഭ്യതയും ഉപയോഗവും മെച്ചപ്പെടുത്തുക, അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ വീടുകളില്‍ ആശപ്രവര്‍ത്തകര്‍ മുഖേന ഓആര്‍എസ് നല്‍കുക, ആരോഗ്യ കേന്ദ്രങ്ങളിലെ വാട്ടര്‍ ടാങ്കുകള്‍ വൃത്തിയാക്കുക, ശുചിത്വത്തിനായുള്ള ബോധവല്‍ക്കരണം എന്നിവയാണ് വാരാചരണ പ്രവര്‍ത്തനങ്ങള്‍. അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് മൂന്നിന് പള്‍സ് പോളിയോ പ്രതിരോധ മരുന്നുകളും അഞ്ചാംപനി, റൂബെല്ല നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്സിന്‍ എടുക്കാത്ത ഈ പ്രായത്തിലുള്ള കുട്ടികളെ കണ്ടെത്തി എംആര്‍സിവി (മീസില്‍സ് ആന്‍ഡ് റുബെല്ല കണ്ടെയിനിഗ് വാക്സിന്‍) നല്‍കും.































