തിരുവല്ല : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്. തിരുവല്ല സ്വദേശി ശ്രീകുമാർ വി നൽകിയ പരാതിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സെൻട്രൽ സോൺ വിജിലൻസ് സബ് ഇൻസ്‌പെക്ടർ ബി.ശ്യാം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. എസ്.പി.യുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി. വസ്തുവകകളുടെയും തിരുവാഭരണങ്ങളുടെയും രജിസ്റ്റർ കാണാനില്ലെന്നും രസീതില്ലാതെ പണപ്പിരിവ് നടത്തുന്നതായും റിപ്പോർട്ടിലുണ്ട്. 2022-24 വർഷത്തെ ഉപദേശസമിതി നടത്തിയ ചടങ്ങുകളുടെ വരവ് ചെലവ് കണക്ക് സംബന്ധിച്ച് വിജിലൻസ് വിഭാഗം രേഖാമൂലം ആവശ്യപ്പെട്ടിട്ടും നാളിതുവരെ ഹാജരാക്കിയിട്ടില്ല. ഉപദേശസമിതി ഉത്സവവുമായി ബന്ധപ്പെട്ട് മാതൃസമിതി എന്ന പേരിൽ കമ്മിറ്റി രൂപീകരിച്ച് രസീതില്ലാതെ പണപ്പിരിവ് നടത്തി. കഴിഞ്ഞ വർഷത്തെ ഉത്സവത്തിന്റെ നോട്ടീസ് ദേവസ്വം ഉദ്യോഗസ്ഥരുടെ മുൻകൂർ അനുമതി ഇല്ലാതെയാണ് ഉപദേശകസമിതി പുറത്തിറക്കിയത്. ഉത്സവത്തിന് ലഭിച്ച അരിയും മറ്റ് സാധനങ്ങളും അനുവാദമില്ലാതെ മാതൃസമിതി പുറത്ത് കൊണ്ടുപോയത് അഴിമതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ദേവസ്വത്തിൽ നടത്തിയ പരിശോധനയിൽ വസ്‌തുവകകളുടെ പഴയ രജിസ്റ്റർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിലവിലെ രജിസ്റ്റർ പ്രകാരം ദേവസ്വം ലാൻഡ് ഓഫീസർ, സ്‌പെഷ്യൽ തഹസിൽദാർ എന്നിവർ മുഖാന്തിരം ദേവസ്വം വസ്തുവകകൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. മുൻ സബ് ഗ്രൂപ്പ് ഓഫീസർ ജി.ഹരികുമാറിന്റെ കാലത്ത് വരവ് ചെലവ് കണക്കുകൾ അടിയന്തിരമായി ഓഡിറ്റിന് വിധേയമാക്കി അപാകതയുണ്ടെങ്കിൽ അദ്ദേഹത്തിൽ നിന്ന് ഈടാക്കണമെന്നും വ്യക്തമാക്കുന്നു. ദേവസ്വം മാന്വലിനു വിരുദ്ധമായി ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളിലും മരാമത്ത് പ്രവർത്തികളിലും ക്ഷേത്രതന്ത്രി ഇടപെടുന്നതായി റിപ്പോർട്ടിലുണ്ട്. തിരുവാഭരണ രജിസ്റ്റർ പരിശോധിച്ചപ്പോൾ യഥാർത്ഥ രജിസ്റ്ററിനു പകരം ഫോട്ടോ കോപ്പിയാണ് കണ്ടെത്താനായത്. ഇക്കാര്യത്തിൽ അന്നത്തെ സബ് ഗ്രൂപ്പ് ഓഫീസറായിരുന്ന എൻ.പി രഘുവിനോട് വിശദീകരണം വാങ്ങി നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്.