കൊച്ചി : മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം മാത്രം വിദേശത്തുനിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നിര്‍മ്മാതാവും നടനുമായ വിജയ്‌ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് യുവനടി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. അതുകൊണ്ട് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നും നടി ആവശ്യപ്പെടുന്നു. അഭിഭാഷകനായ രാകേന്ദ് ബസന്ദാണ് നടിയ്‌ക്ക് വേണ്ടി അപ്പീല്‍ ഫയല്‍ ചെയ്‌തത്.
ജാമ്യത്തിലിറങ്ങിയ പ്രതി തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്ന് ആശങ്കയുണ്ടെന്നും യുവനടി അപ്പീലില്‍ പറയുന്നു. വിജയ് ബാബു വിദേശത്തിരുന്ന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയല്‍ ചെയ്‌തത് തെറ്റാണെന്നാണ് നടി അറിയിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
എറണാകുളം ടൗണ്‍ പോലീസും നടന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസന്വേഷണത്തില്‍ നിന്നും മനപൂര്‍വം ഒളിച്ചോടാനാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്ന് നടി ഹര്‍ജിയില്‍ പറയുന്നു. സുപ്രീംകോടതി അവധിക്കാല ബെഞ്ച് അപ്പീല്‍ ലിസ്‌റ്റ് ചെയ്യാന്‍ യുവനടിയുടെയും സര്‍ക്കാരിന്റെയും അഭിഭാഷകര്‍ രജിസ്‌ട്രാര്‍ക്ക് കത്ത് നല്‍കും.