കൊച്ചി : നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന പരാതി നല്കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. സിനിമയില്‍ അവസരം വാഗ്ദാനം നല്കി ലൈംഗിക ചൂഷണം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരേ ബലാത്സംഗത്തിനും ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 22ന് കോഴിക്കോട് സ്വദേശിനി നല്കിയ പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളത്തെ ഫ്ളാറ്റില്‍ നിരവധിതവണ ബലാത്സംഗം ചെയ്തുവെന്നു പരാതിയില്‍ പറയുന്നു. വിജയ് ബാബു ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിവരം. താന്‍ വിദേശത്താണെന്ന് സമൂഹമാധ്യമങ്ങളിലൂടെ വിജയ് ബാബുവും വ്യക്തമാക്കി. യുവതി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ബാബു സമൂഹ മാധ്യമത്തിലൂടെ ഇരയുടെപേര് വെളിപ്പെടുത്തിയത്.