കൊൽക്കത്ത : ബംഗാളിൽ തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന് മണിക്കൂറുകൾ മാത്രം പിന്നീടുമ്പോൾ അക്രമ സംഭവങ്ങളിൽ 12 പേർ മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലപ്പെട്ടവരേക്കാൾ അധികമാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ കൊല്ലപ്പെട്ടവരെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിക്കുകയാണ്.
പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപിയും തൃണമൂൽ കോൺഗ്രസും ആരോപിച്ചു. അക്രമ സംഭവങ്ങളിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് അക്രമങ്ങളിൽ ഇതുവരെ തങ്ങളുടെ 6 പ്രവർത്തകരെ തൃണമൂൽ കൊലപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. ബിജെപിയാണ് അക്രമത്തിനു പിന്നിലെന്നു മമത ബാനർജി ആരോപിച്ചു. 5 പേരെ ബിജെപി കൊലപ്പെടുത്തിയതായി തൃണമൂലും ആരോപിച്ചു.
ഓഫിസുകൾ തീവെച്ചു നശിപ്പിച്ചതായും പ്രവർത്തകരുടെ കടകളും സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിച്ചതായും ബിജെപി ആരോപിക്കുന്നു. വടികളുമായി ഇരച്ചുകയറി പാർട്ടി ഓഫിസിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. തൃണമൂൽ അക്രമങ്ങൾക്കെതിരെ നാളെ രാജ്യവ്യാപക ധർണ നടത്തുമെന്ന് ബിജെപി അറിയിച്ചു.
സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ഗവർണർ ജഗ്ദീപ് ധൻകർ ആഭ്യന്തര സെക്രട്ടറി, ഡിജിപി, കൊൽക്കത്ത പോലീസ് കമ്മിഷണർ എന്നിവരെ വിളിച്ചുവരുത്തി. അതേസമയം പ്രകോപനങ്ങളിൽ വീഴരുതെന്നും സമചിത്തത പാലിക്കണമെന്നും പാർട്ടി പ്രവർത്തകരോട് മമത ബാനർജി ആവശ്യപ്പെട്ടു.