മുളന്തുരുത്തി : കഷ്ടപ്പാടുകള്‍ക്കിടയിലും ചിരിക്കുന്ന മുഖവുമായി പന്തുരുട്ടാന്‍ ഇനി വിഷ്ണു ഇല്ല. വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു അപകടത്തില്‍ മരണപ്പെട്ട കായികാധ്യാപകന് വി.കെ.വിഷ്ണു(33). രണ്ട് വര്‍ഷം മുമ്പാണ് വിഷ്ണു മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളിലേക്ക് കായികാധ്യാപകനായി കടന്നുവരുന്നത്. കുട്ടികളുമായി ഏറെ സൗഹൃദം സ്ഥാപിച്ചിരുന്ന വിഷ്ണു സാര്‍ കുട്ടികള്‍ക്ക് ഒരു അധ്യാപകന് മാത്രമായിരുന്നില്ല, കളിതമാശകള്‍ പങ്കുവയ്ക്കുന്ന നല്ല സുഹൃത്ത് കൂടിയായിരുന്നു.
പുഞ്ചിരിക്കുന്ന മുഖവുമായാണ് വിഷ്ണുവിനെ അധ്യാപകരും കുട്ടികളും സുഹൃത്തുക്കളും കണ്ടിട്ടുള്ളൂ. പ്രാരാബ്ധങ്ങളും സങ്കടങ്ങളും ആ പുഞ്ചിരിക്ക് പിന്നില്‍ മറച്ചുവെച്ചിരുന്നു. ജീവിതത്തെക്കുറിച്ച് ഏറെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു ആ അധ്യാപകന്. കായിക മേഖലയില്‍ ഉയരങ്ങളിലെത്തണമെന്ന് അതിയായി ആഗ്രഹിച്ചു. അതിനുവേണ്ടി കഠിനാധ്വാനവും ചെയ്തു. വിഷ്ണുവിന്റെ പങ്കാളിത്തമില്ലാത്ത ഒരു കായിക മത്സരങ്ങള്‍ പോലും നാട്ടില്‍ നടക്കാറില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
വളരെ ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ട വിഷ്ണുവിന് പഠനത്തിനും ഉപരിപഠനത്തിനും സഹായമായത് കായികരംഗത്തെ മികവായിരുന്നു. ബേസ്ബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍ തുടങ്ങി എല്ലാ കായിക വിനോദങ്ങളിലും വിഷ്ണു പ്രാഗത്ഭ്യം തെളിയിച്ചു. എല്ലാ കായിക ഇനങ്ങളെക്കുറിച്ചും ആഴത്തില്‍ അറിവും സമ്പാദിച്ചു. മുമ്പ് വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോലി നോക്കിയ ശേഷം പിന്നീട് ആലുവയിലെയും പെരുമ്പാവൂരിലെയും സ്കൂളുകളില്‍ കായിക അധ്യാപകനായി. മുളന്തുരുത്തി ടോപ്പ് സ്റ്റാര്‍ എന്ന കൂട്ടായ്മയുടെ സ്ഥാപകരിലൊരാളുമാണ് വിഷ്ണു.
കായികാധ്യാപകനായി ജോലി ചെയ്യുമ്പോള്‍തന്നെ അവധി ദിവസങ്ങളില്‍ ഏത് തൊഴില്‍ ചെയ്യാനും വിഷ്ണു തയാറായിരുന്നു. സ്കൂളിലെ ഒരു വിദ്യാര്‍ഥിയുടെ വീട്ടില്‍ അവധി ദിവസം ടൈല്‍ വിരിക്കാന്‍ എത്തിയത് കുട്ടിയുടെ രക്ഷിതാക്കളില്‍ അത്ഭുതവും ആദരവും സൃഷ്ടിച്ചിരുന്നു. ശീതള്‍ ആണ് ഭാര്യ. ഒന്നര വയസുള്ള നയ്നിക ഏക മകളാണ്. മൃതദേഹം മുളന്തുരുത്തി സ്വര്‍ഗീയ ശ്മശാനത്തില്‍ സംസ്കരിച്ചു.