തിരുവനന്തപുരം : മാനദണ്ഡങ്ങൾ മറികടന്ന് സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗികമുദ്ര വിസിറ്റിംഗ് കാർഡിൽ ഉപയോഗിക്കുന്നത് വ്യാപകം. സർക്കാർ കരാറടിസ്ഥാനത്തിൽ എടുക്കുന്ന ജീവനക്കാർ പോലും സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡാണ് ഉപയോഗിക്കുന്നത്. സ്വപ്ന സുരേഷ് സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡ് ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.
ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ സ്പെഷ്യൽ സെല്ലിൽ ജോലി ചെയ്യുന്ന രണ്ടു ഉദ്യോഗസ്ഥരുടെ വിസിറ്റിംഗ് കാർഡുകൾ ആണ് ഇവ. നിരഞ്ജൻ ജെ. നായർ ടീം ലീഡർ ആണ്. കവിതാ സി പിള്ള സ്പെഷ്യൽ സെൽ അംഗവും. രണ്ടുപേരും കിൻഫ്രയിൽ നിന്ന് എത്തിയ കരാർ ജീവനക്കാർ. കരാർ ജീവനക്കാരായ തങ്ങൾക്ക് എങ്ങനെയാണ് സർക്കാർ മുദ്ര ഉപയോഗിക്കാൻ കഴിയുക എന്ന് ഇവരോട് അന്വേഷിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.
വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വരും സർക്കാർ മുദ്രകൾ ഉപയോഗിക്കുന്നുണ്ട്. വകുപ്പ് മേധാവികൾ, ജോയിൻ സെക്രട്ടറി മുതൽ മുകളിലുള്ള ഉദ്യോഗസ്ഥർ എന്നിവർക്കാണ് സർക്കാർ മുദ്ര ഉപയോഗിക്കാനുള്ള അവകാശം. പ്രത്യേക സാഹചര്യങ്ങളിൽ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും സർക്കാർ മുദ്ര ഉപയോഗിക്കാൻ അനുവാദം നൽകാറുണ്ട്.
എന്നാൽ കരാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർ വ്യാപകമായി സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡുകൾ ഉപയോഗിക്കുന്നതിലെ ആശങ്ക സർക്കാർ തലത്തിൽ ഉള്ളവർ തന്നെ ഇപ്പോൾ തിരിച്ചറിയുകയാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിലെ കരാർ ജീവനക്കാരി ആയിരിക്കയാണ് സർക്കാർ മുദ്രയുള്ള ഉള്ള വിസിറ്റിംഗ് കാർഡ് ഉപയോഗിച്ചത്. സ്വപ്നമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന മുഖ്യമന്ത്രി മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനും സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡ് ആണ് ഉള്ളത്. സർക്കാർ മുദ്ര സംബന്ധിച്ച് കൃത്യമായ നിർദ്ദേശം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പുറപ്പെടുവിക്കണം എന്ന ആവശ്യവും ശക്തമായിട്ടുണ്ട്.