കൊച്ചി : വിസ്മയ കേസില്‍ പ്രതി കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഒക്ടോബര്‍ നാലിലേക്കാണ് മാറ്റിയത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്ന് റൂറല്‍ എസ്പി കെ ബി രവി നേരത്തെ വ്യക്തമാക്കിയിരുന്നു.
500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റല്‍ തെളിവുകള്‍ നന്നായി തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഡിവൈഎസ്പി രാജ് കുമാര്‍ അവകാശപ്പെട്ടു. മാധ്യമങ്ങളുടെ പിന്തുണ പ്രശംസനീയമായിരുന്നുവെന്നും പൊലീസ് പറയുന്നു. കൊല്ലം ശാസ്താംകോട്ട കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനുമായ കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി.
ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ 9 വകുപ്പുകള്‍ കുറ്റപത്രത്തില്‍ കിരണിനെതിരെ ചുമത്തിയിട്ടുണ്ട്. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തില്‍ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്മയ കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്ത്രീധന പീഡനവും, സ്ത്രീ പീഡനവും ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിസ്മയയുടെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദര്‍, വിസ്മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക.