തൃശൂർ : വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നു പിടികൂടിയത് 50,000 രൂപ. മോഷണക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന വാടാനപ്പിള്ളി സ്വദേശി സുഹൈലിനെയാണ് അസി. സൂപ്രണ്ടും സംഘവും റെയ്ഡിൽ പിടികൂടിയത്. 2000 രൂപയുടെ 25 നോട്ടുകളാണ് ഇയാൾ ഒളിപ്പിച്ചുവച്ചിരുന്നത്. ജയിൽ ഉദ്യോഗസ്ഥരിൽ ആർക്കെങ്കിലും കൈക്കൂലിയായി നൽകാനോ ജയിൽചാട്ട ശ്രമത്തിന്റെ ഭാഗമായോ പണം കൈവശം വച്ചതാകാനാണ് സാധ്യതയെന്നു സൂചനയുണ്ട്.
വിയ്യൂര്‍ ജില്ലാ ജയിലില്‍ ആദ്യമായാണ് ഇത്രയധികം തുക കൈവശം വച്ചതിന് ഒരു തടവുകാരന്‍ പിടിക്കപ്പെടുന്നത്. ഇന്നലെ വൈകിട്ടോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുഹൈലിന്റെ സെല്ലില്‍ മിന്നല്‍ പരിശോധന നടത്തിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കാലത്ത് സുഹൈല്‍ ഒരുവട്ടം ജയില്‍ ചാടിയിരുന്നു.
ഒരു വര്‍ഷത്തിനു ശേഷമാണ് പിടികൂടാന്‍ കഴിഞ്ഞത്. മറ്റു ജയിലിനുള്ളില്‍ കഞ്ചാവ് വില്‍പന നടത്തി ചില തടവുകാര്‍ പണമുണ്ടാക്കാറുണ്ടെങ്കിലും ജില്ലാ ജയിലുകളില്‍ ഇതത്ര വ്യാപകമല്ല. ജയില്‍ ജോലിക്ക് പ്രതിഫലം നല്‍കാറുണ്ടെങ്കിലും അത് ജയില്‍മോചിതരാകുന്ന സമയത്തു മാത്രമേ തടവുകാര്‍ക്കു കയ്യില്‍ നല്‍കാറുള്ളൂ. അതുകൊണ്ടു തന്നെ ഇത്രയധികം പണം തടവുകാരുടെ കയ്യിലെത്തുന്നത് വിരളം. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകമ്പോള്‍ കൂട്ടാളികള്‍ രഹസ്യമായി കൈമാറിയ പണമാണിതെന്നു സംശയമുണ്ട്.