തിരുവനന്തപുരം : വിഴിഞ്ഞം സമരം നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാര്‍. ഒരു സുപ്രഭാതത്തില്‍ തുറമുഖം നിര്‍മാണം അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്. തുറമുഖം നിര്‍മാണം ഏകപക്ഷീയമായി നിര്‍ത്തിവയ്ക്കാനാവില്ല. സമരവുമായി മുന്നോട്ടുപോകുന്നത് സംസ്ഥാന താല്പര്യത്തിന് ഉതകുന്നതാണോയെന്ന് സമരക്കാര്‍ ചിന്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ സര്‍ക്കാര്‍ വിളിച്ച മന്ത്രിതല ചര്‍ച്ച നടന്നില്ല. ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് എത്തിയില്ല. യോഗത്തിന്റെ അറിയിപ്പ് കിട്ടിയില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിശദീകരണം. എന്നാല്‍ ഒദ്യോഗികമായി ചര്‍ച്ചയുടെ കാര്യം സമരക്കാരെ അറിയിച്ചിരുന്നെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് സമരസമിതിയുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഫിഷറീസ് മന്ത്രി ആന്റണി രാജു വുമായി രണ്ടുതവണ നടത്തിയ ചര്‍ച്ചയും നേരത്തേ പരാജയപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതി തീരുമാനം.