പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമായി ജില്ലയിൽ അപേക്ഷിച്ചവരുടെ എണ്ണം 50,000 കടന്നു. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം പുതിയതായി പേരു ചേര്‍ക്കാന്‍ 53,944 പേരാണ് ഓണ്‍ലൈനായി അപേക്ഷിച്ചത്. നിലവിലെ പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 506 അപേക്ഷയും വാർഡ് മാറ്റത്തിന് 3655 അപേക്ഷയും ലഭിച്ചു.
അതിനിടെ അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ആഗസ്റ്റ് 12 വരെ നീട്ടി. നേരത്തെ വ്യാഴാഴ്ച വരെയാണ് സമയം അനുവദിച്ചിരുന്നത്. 2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പേര് ചേര്‍ക്കാൻ അവസരം.
പുതുതായി പേരുചേര്‍ക്കുന്നതിനും (ഫാറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹീയറിങിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫാറം 5) ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യുകയും പ്രിന്റൗട്ടില്‍ അപേക്ഷകനും വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ മുഖേന അല്ലാതെയും നിര്ദിഷ്ടഫാറത്തില് തെരഞ്ഞെടുപ്പ് രജിസ്ട്രേഷന് ഓഫിസര്‍ക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പറേഷനുകളില്‍ അഡീഷനല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍.





























