തിരുവനന്തപുരം : പോലീസ് ആസ്ഥാനത്ത് ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പോലീസ് മനഃപൂര്‍വം പ്രകോപനം ഉണ്ടാക്കാന്‍ നടത്തിയ നീക്കം ചര്‍ച്ചയാക്കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള അപ്രതീക്ഷിത സമരത്തിനിടെയായിരുന്നു സംഭവം. പോലീസ് ആസ്ഥാനത്തെ ഗേറ്റ് തുറന്നുകിടന്നിട്ടും നേതാക്കള്‍ അകത്ത് കയറി സമരം ചെയ്യാന്‍ ശ്രമിച്ചില്ല എന്നതും ശ്രദ്ധേയം. ഓഹോ.. അപ്പോ ചേട്ടന്റെ പോലീസ് വണ്ടിക്ക് പീപ്പി മാത്രമല്ല, റിവേഴ്സ് ഗിയറും ഉണ്ടല്ലേ.’ എന്ന് ചോദിച്ച് വി.ടി ബല്‍റാം എംഎല്‍എ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. ഹോണ്‍ മുഴക്കിയ പോലീസുകാരന്റ ചിത്രവും പങ്കുവെച്ചാണ് ബല്‍റാമിന്റെ പരിഹാസം.
ഷാഫിയും ശബരിയും ഇരിക്കുന്നതിന് പിന്നിലെത്തി പോലീസ് വാഹനത്തിന് വഴിമാറി കൊടുക്കാന്‍ ആവശ്യപ്പെട്ട് തുടര്‍ച്ചയായി ഹോണ്‍ മുഴക്കിയിരുന്നു. വാഹനത്തിന് പോകാന്‍ വേറെ വഴിയുള്ളപ്പോഴായിരുന്നു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കി ഈ ഹോണ്‍മുഴക്കല്‍. ഷാഫിയും ശബരിയും പിന്മാറാതെ വന്നതോടെ ഒടുവില്‍ വാഹനം പിന്നോട്ടെടുക്കുകയായിരുന്നു. കണ്ണും തലയും അടിയേറ്റ് തകര്‍ന്ന പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമരം നടന്നത്. പോലീസ് ആസ്ഥാനം സമരവേദിയായതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി എംഎല്‍എമാരെ നീക്കം ചെയ്തു.