കോന്നി : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബിവറേജസ് ഔട്ട് ലറ്റുകളും ബാറുകളും തുറക്കാത്തത് മൂലം വ്യാജമദ്യ ഉത്പാദനവും വിതരണവും പല രഹസ്യ കേന്ദ്രങ്ങളിലും നടക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് എക്സൈസ് പരിശോധനകൾ കൂടുതല്‍ ശക്തമാക്കി.
പത്തനംതിട്ട അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ മാത്യു ജോർജ്ജിൻ്റെ നേതൃത്വത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, കോന്നി എക്സൈസ് റേഞ്ച് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധനകൾ നടത്തി. പഴയകാല വ്യാജവാറ്റ് കേന്ദ്രങ്ങളിലും ഇതുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലുമാണ് എക്സൈസ് പരിശോധന നടത്തിയത്. തണ്ണിത്തോട് പഞ്ചായത്തിലെ കാട്ടുമുറി, ചെങ്ങറ തോട്ടം മേഖലകൾ, മലയാലപ്പുഴയിലെ കടവുപുഴ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. രാവിലെ മുതൽ തുടങ്ങിയ പരിശോധനകൾ വൈകുന്നേരത്തോടെ അവസാനിച്ചു.
വ്യാജ മദ്യം ഉത്പാദനം, വിതരണം, ഉപഭോഗം എന്നിവ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതായും അധികൃതർ പറഞ്ഞു. അമിത മദ്യപാനികൾക്ക് മദ്യം ലഭിക്കാത്തതിനാൽ വിത്ത് ഡ്രേവൽ സിൻഡ്രം മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് റാന്നി താലൂക്ക് ഹോസ്പിറ്റലിലെ ഡീ അഡിക്ഷൻ സെൻ്ററിൽ എത്തിച്ച് ചികിത്സ നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.