പത്തനംതിട്ട: രണ്ട് മഹാപ്രളയത്തില്‍ നട്ടെല്ല് തകര്‍ന്നുപോയ ജില്ലയിലെ വ്യാപാരി – വ്യവസായികള്‍ കോവിഡ് 19 കൂടിവന്നതോടെ പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് വഴുതി വീണതായും ഇവരെ സംരക്ഷിക്കുവാന്‍ പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി കോണ്‍ഗ്രസ് നടത്തിയ കളക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നു മാസത്തിലേറെ അടച്ചു പൂട്ടപ്പെട്ട സ്ഥാപനങ്ങളില്‍ പലയിടത്തും നികത്താനാകാത്ത നഷ്ടം ഉണ്ടായിട്ടുണ്ട്. വരുമാനം നിലച്ചതിനാല്‍ വാടകയോ, കറന്‍റ് ചാര്‍ജ്ജോ, ബാങ്ക് വായ്പകളോ തിരിച്ചടക്കാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയാണുള്ളത്. ആറു മാസത്തെയെങ്കിലും വാടക ഒഴിവാക്കിക്കൊടുക്കുകയോ സാമ്പത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയോ വേണമെന്ന് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്‍റ് എസ്.പി. സജന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. വെട്ടൂര്‍ ജ്യോതി പ്രസാദ്, അഡ്വ. എ. സുരേഷ് കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുള്‍ കലാം ആസാദ്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റെനീസ് മുഹമ്മദ്, ഷാജി സുരൂര്‍, എബിന്‍ കൈതവന, ഷിന്‍റു തേനാലില്‍ എന്നിവര്‍ പ്രസംഗിച്ചു.