പത്തനംതിട്ട : നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും അമിതപിഴ ഈടാക്കുന്ന പോലീസ് നടപടിയില്‍ കേരള വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. കട അടക്കുവാന്‍ മിനിട്ടുകള്‍ വൈകിയാല്‍ പോലും വന്‍ തുക പിഴയായി വ്യാപാരികളില്‍ നിന്നും ഈടാക്കുകയാണ്.
സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും സമയ ക്രമീകരണങ്ങളും പാലിച്ച് കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾ രാത്രി 7 മണി കഴിഞ്ഞ് മിനിട്ടുകള്‍ വൈകുമ്പോഴാണ് 10000 രൂപ മുതൽ 20000 വരെ പിഴ എഴുതി നല്കുന്നത്. ഇന്ന് നഗരത്തിലെ ഒരു ടെക്സ്റ്റയില്‍സ് വ്യാപാരി 7 മണിക്ക് സ്ഥാപനത്തിലെ ലൈറ്റുകള്‍ അണച്ച് പുറത്തിരുന്ന സാധനങ്ങൾ അകത്തേക്ക് കയറ്റുമ്പോഴാണ് സമയക്രമീകരണം പാലിച്ചില്ലെന്ന് ആരോപിച്ച് കേസ് എടുത്തിട്ടുള്ളത്. വ്യാപാരം കനത്ത നഷ്ടത്തില്‍ പോകുന്ന ഈ സമയത്ത് പോലീസിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള ദ്രോഹ നടപടികൾ തുടർന്നാൽ വ്യാപാര സ്ഥാപനങ്ങൾ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ്
അബ്ദുൽ റഹീം മാക്കാർ അറിയിച്ചു.