പാലക്കാട്: വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് അനുമതി. പാലക്കാട് പോക്സോ കോടതിയാണ് അനുമതി നല്‍കിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം നല്‍കിയ അപേക്ഷയിലാണ് അനുമതി. ഇതോടെ കേസില്‍ ആദ്യം മുതല്‍ അന്വേഷണം ആരംഭിക്കും.
തുടരന്വേഷണത്തിനുള്ള അപേക്ഷ ഈ മാസം 20ന് ഫയല്‍ ചെയ്തിരുന്നു. വെള്ളിയാഴ്ചയിലെ വിശദമായ വാദം കേള്‍ക്കലിന് ശേഷം ശനിയാഴ്ച രാവിലെ തുടരന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍, അന്വേഷണം പൂര്‍ത്തീകരിച്ച് തങ്ങളെ വെറുതെവിട്ടതാണെന്നായിരുന്നു പ്രതികളുടെ വാദം.
പാലക്കാട് ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതി (പോക്സോ) ആണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെവിട്ട് വിധി പ്രസ്താവിച്ചത്. പ്രതികളെ വിട്ടയച്ച ഈ വിധി റദ്ദാക്കിയപ്പോള്‍ പുനരന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം അന്വേഷണ സംഘം കോടതിയെ സമീപിക്കുകയായിരുന്നു.