തിരുവനന്തപുരം : വാളയാര്‍ അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രതിഷേധത്തെ അനുകൂലിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ രംഗത്ത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്ന് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളോട് സംസ്ഥാന സര്‍ക്കാര്‍ ചെയുന്നത് ജനദ്രോഹ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ പോലും സാങ്കേതികത്വത്തിന്റെ പേരിലാണ് സര്‍ക്കാര്‍ മലയാളികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതെന്ന് കെ. സി വേണുഗോപാല്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചത്. ഇനി എത്രനാള്‍ അതിര്‍ത്തി അടച്ചിട്ട് സ്വന്തം നാട്ടുകാരെ പുറത്ത് നിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പ്രവാസികളെ തിരികെ എത്തിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കെ. സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.