കൊച്ചി: പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച വാളയാറിലെ
സഹോദരിമാരായ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് ‘വാളയാര്‍ നീതിയാത്ര’നടത്തും. ഈ മാസം അഞ്ചിന് ഹൈക്കോടതി ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന യാത്ര 21ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 22 നാണ് സെക്രട്ടറിയേറ്റ് മാര്‍ച്. ഡിവൈഎസ്പി സോജന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കുറ്റപത്രം തയാറാക്കി തടവിലിടുക, കോടതി മേല്‍നോട്ടത്തില്‍ കേസ് അന്വേഷിച്ച് കൊലയാളികളെ ശിക്ഷിക്കുക, കേസില്‍ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥന്മാരെ ജയിലിലടക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് നീതിയാത്ര നടത്തുന്നത്.
യാത്രയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നാളെ വൈകുന്നേരം നാലിന് എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമക്കു മുന്നില്‍ നിന്ന് ഹൈക്കോടതി വളപ്പ് വരെ ഉദ്ഘാടന ജാഥ നടത്തും. പ്രഫുല്ല സാമന്ത്ര, കെ എം സലീംകുമാര്‍, സാറ ജോസഫ്, എം എന്‍ കാരശേരി, ജസ്റ്റിസ് ഷംസുദ്ദീന്‍, സണ്ണി എം കപിക്കാട്, പ്രഫ.കെ അരവിന്ദാക്ഷന്‍, അഡ്വ.ജയശങ്കര്‍, അഡ്വ.ഹരീഷ് വാസുദേവന്‍, ഹാഷിം ചേന്ദാപിള്ളി, സി ആര്‍ നീലകണ്ഠന്‍, ഫാ.അഗസ്റ്റിന്‍ വട്ടോലി പങ്കെടുക്കും.
ജനുവരി അഞ്ചിന് രാവിലെ ഏഴിന് ജ്സ്റ്റിസ് കെമാല്‍ പാഷ നീതി യാത്ര ഫ്ളാഗ് ഓഫ് ചെയ്യും.യാത്രയുടെ വിവിധ കേന്ദ്രങ്ങളിലെ സമാപന യോഗങ്ങളില്‍ ജസ്റ്റിസ് കെമാല്‍ പാഷ, മേധാപട്കര്‍, പെരുമാള്‍ മുരുകന്‍ എന്നിവര്‍ പങ്കെടുക്കും. 21 ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ സമാപനം നടക്കും. തുടര്‍ന്ന് 22 ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.