തിരുവല്ല : വര്‍ഷങ്ങളായി ഉടമസ്ഥാവകാശവും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും ഉള്ള ജനങ്ങളെ തെരുവിലേക്ക് ഇറക്കിവിടുന്ന കിരാതമായ വഖഫ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തി രമായി ഭേദഗതി ചെയ്യണമെന്നും അതിലൂടെ മുനമ്പം കടപ്പുറത്തെ 600 ല്‍ അധികം കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജനങ്ങളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും നാഷണല്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് സംസ്ഥാന നേതൃയോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലക്ഷദ്വീപിനു വേണ്ടിയും ഹമാസിനു വേണ്ടിയും തെരുവില്‍ ഇറങ്ങിയ കേരളത്തിലെ ജനപ്രതിനിധികള്‍ മുനമ്പം കടപ്പുറത്തെ നിരപരാധികളുടെ ദുഃഖം കാണാതെ പോകുന്നത് ദുഃഖകരമാണ്. വഖഫ് നിയമം അടിയന്തിരമായി ഭേദഗതി ചെയ്യുവാനുള്ള ക്രമീകരണം കേന്ദ്രസര്‍ക്കാര്‍ ചെയ്യണം. നീതി നിഷേധിക്കപ്പെട്ടവരെ രക്ഷിക്കുവാനുള്ള ഈ ശ്രമത്തിന് എതിരെ നില്‍ക്കുന്ന കേരള സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റുവാനുള്ള പണിപ്പുരയില്‍ ആണെന്ന് ഓര്‍ക്കണം എന്നും നേതൃയോഗം അഭിപ്രായപ്പെട്ടു.
നിയമം ദുരുപയോഗം ചെയ്ത് നിയമത്തിന്റെ മറവില്‍ രാജ്യത്ത് ഉടനീളം ഭൂമികള്‍ തട്ടിയെടുക്കുന്ന പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന നിയമ ഭേദഗതിയെ സ്വാഗതം ചെയ്യുന്നു. വോട്ട് ബാങ്ക് ലക്ഷ്യമാക്കി കേരളാ എംപിമാര്‍ നടത്തുന്ന പ്രീണന രാഷ്ട്രീയം രാജ്യ താല്‍പര്യത്തിന് എതിരാണ് എന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി.തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, ട്രഷറാര്‍ റവ. എല്‍ ടി. പവിത്രസിംഗ്, അഡൈ്വസറി കൗണ്‍സില്‍ അംഗങ്ങളായ ഫാ.പി.എ.ഫിലിപ്പ്, ഫാ.ബന്യാമിന്‍ ശങ്കരത്തില്‍, ഫാ. ജോണിക്കുട്ടി, ഫാ. ഡി. ഗീവര്‍ഗീസ്, റവ. ബിനു കെ. ജോസ്, പാസ്റ്റര്‍ ഉമ്മന്‍ ജേക്കബ്, ഷിബി പീറ്റര്‍, ഷിബു കെ. തമ്പി, വി.ജി. ഷാജി, ഷാജി ഫിലിപ്പ്, കോശി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.