രാജസ്ഥാൻ : രാജസ്ഥാനിൽ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. ജയ്‌സാല്‍മീറില്‍ വ്യോമസേനയുടെ എ-മിഗ് 21 വിമാനമാണ് തകര്‍ന്നു വീണത്. കാണാതായ പൈലറ്റിനായി തെരച്ചില്‍ തുടരുകയാണ്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
ജയ്‌സാല്‍മീറിലെ സാം പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് MIG 21 വിമാനം തകര്‍ന്നു വീണതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. മുന്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ ലഖ്‌വീന്ദര്‍ സിംഗ് ലിഡര്‍ എന്നിവരുള്‍പ്പെടെ 14 പേര്‍ മരിച്ച MI-17V5 ഹെലികോപ്റ്റര്‍ അപകടത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ സംഭവം.