തിരുവല്ല : മേയ് മാസത്തില്‍ രണ്ട് വെളളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ച അപ്പര്‍കുട്ടനാട്ടില്‍ വീണ്ടും പൊങ്ങിയ വെളളം കൊണ്ടുപോയത് കര്‍ഷക പ്രതീക്ഷകള്‍. മണിമലയാറിന്റെ തീരങ്ങളിലാണ് കൂടുതല്‍ കൃഷിനാശം സംഭവിച്ചിരിക്കുന്നത്. കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലില്‍ 1 കോടി 49 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായാണ് കണക്കാക്കുന്നത്. 621 കര്‍ഷകരുടെ നഷ്ടം മാത്രമാണ് നിലവിൽ തിട്ടപ്പെടുത്തിയിരിക്കുന്നത്.
21.86 ഹെക്ടറിലെ കൃഷി നശിച്ചതായാണ് വിലയിരുത്തല്‍. മേയില്‍ രണ്ടുവട്ടം അപ്രതീക്ഷിത വെളളപ്പൊക്കം ഉണ്ടായതോടെ ഓണവിപണി ലക്ഷ്യം വെച്ച് നട്ടുവളർത്തിയ ഏത്തവാഴ, പച്ചക്കറി കൃഷികള്‍ എന്നിവ വന്‍ നഷ്ടമായി മാറിയിരുന്നു. കന്നിമാസം വന്നതോടെ ഇനി വലിയ മഴക്കാലം ഉണ്ടാവില്ലെന്ന കണക്കു കൂട്ടലില്‍ കർഷകർ അടുത്ത സീസണിലേക്കുളള വാഴകളും കപ്പയും മറ്റ് കരകൃഷിയും വിളവിറക്കിയിരുന്നു. അവയാണ് അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാടേ നശിച്ചത്.