പന്തളം :കടയ്ക്കാട് കൃഷി ഫാമിന് പിന്നിലുള്ള വീടുകളിൽ വെള്ളം കയറി തുടങ്ങിയാതോടെ ഇവിടെയുള്ള താമസക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ആളുകളെ പ്രദേശത്ത് നിലവില്‍ വെള്ളം കയറാത്ത വീടുകളിലേക്കാണ് മാറ്റി പാര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. പന്തളം മാവേലിക്കര റോഡിൽ മുടിയൂർക്കോണം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം 3 വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവിടെയുള്ള ഒരു കുടുംബത്തെ മുടിയൂർക്കോണം എം.റ്റി.എൽ.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തു. അച്ചൻകോവിലാറ്റിൽ നിന്നും ഐരാണിക്കുടി പാലത്തിനടിയിലൂടെ വെള്ളം ശക്തമായി കരിങ്ങാലി പുഞ്ചയിലേക്ക് ഒഴുകുന്നതിനാൽ ചേരിക്കൽ, മുടിയൂർക്കോണം, പൂഴിക്കാട് പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതായും അധികൃതര്‍ പറഞ്ഞു.
പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തിന് താഴെ പാർക്കിങ്ങിൽ വെള്ളം കയറിയിട്ടുണ്ട്. പന്തളത്തും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ രാത്രിയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. എന്നാല്‍ നിലവില്‍ മഴ മാറി നില്‍ക്കുന്നത് പല പ്രദേശങ്ങളിലും ആശ്വാസമേകിയിട്ടുണ്ട്. എന്നാല്‍ പല റോഡുകളിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടേയുള്ളൂ. അച്ചൻകോവിലാറ്റിൽ പന്തളം ഭാഗത്ത് കഴിഞ്ഞ ദിവസത്തേക്കാൾ ജലനിരപ്പ് ഉയർന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.



























