പത്തനംതിട്ട : ജില്ലയിലെ നദികളിലും ഡാമുകളിലും നിലവില്‍ അപകട സാധ്യതയില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികമായി മഴ ലഭ്യമായാല്‍ വെള്ളം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വകുപ്പുകളും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നദികളില്‍ വെള്ളം ഉയര്‍ന്നതായി കാണുന്നുണ്ടെങ്കിലും ഡാമുകളിലെ വെള്ളത്തിന്റെ അളവ് അധികമായി വര്‍ധിച്ചിട്ടില്ല. വ്യാഴാഴ്ച പെയ്ത മഴയുടെ അതേ അളവില്‍ വെള്ളിയാഴ്ചയും മഴ തുടര്‍ന്നാല്‍ മൂഴിയാര്‍ ഡാം തുറക്കേണ്ട സ്ഥിതി ഉണ്ടാകും. ഇത് വെള്ളപ്പൊക്കം തടയുന്നതിനായാണ് തുറക്കുക. പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയതിന് ശേഷം മാത്രമേ ഡാം തുറക്കുകയുള്ളു.
നിലവില്‍ ജില്ലയില്‍ എവിടെയും വെള്ളപ്പൊക്കമോ മറ്റ് പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെഎസ്ഇബി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ശക്തമായ കാറ്റിലും മഴയിലും ഉണ്ടായ എല്ലാ പ്രശ്‌നങ്ങളും കെഎസ്ഇബി പരിഹരിച്ചതായി യോഗത്തില്‍ അറിയിച്ചു. കോവിഡ് ആശുപത്രികളിലെ ജനറേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാണോ എന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നാല്‍ കോവിഡ് രോഗികളെ ഉള്‍പ്പെടെ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജീകരണങ്ങള്‍ ഒരുക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള പഞ്ചായത്തുകള്‍ അനുമതിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനമായി. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാ ഓക്‌സിജന്‍ സിലിണ്ടറുകളും കോവിഡ് ചികിത്സയ്ക്കായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഉടന്‍ സമര്‍പ്പിക്കാന്‍ ഡിഡിഎംഎ യോഗം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി, അടൂര്‍ ആര്‍ഡിഒ എസ്.ഹരികുമാര്‍, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡിഎഫ്ഒ കെ.ഹരികുമാര്‍, ഡിഡിപി, ജോയിന്റ് ആര്‍ടിഒ, തഹസീല്‍ദാര്‍മാര്‍, ഫയര്‍ഫോഴ്‌സ്, ഡാം സേഫ്റ്റി, കെ എസ് ഇ ബി തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.