തൃശൂർ: പൗരത്വ നിയമത്തിനെതിരായ നിലപാട് പറയേണ്ടിവരും എന്നതിനാലാണ് കോൺഗ്രസ് ചാവക്കാട്ടെ രാഹുൽ ഗാന്ധിയുടെ റാലി ഒഴിവാക്കിയതെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ. ലീഗിന്റെ കൊടി ഒഴിവാക്കാനും വേണ്ടിയാണ് റാലി മാറ്റിയത് മതന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കുകയാണ് വേണ്ടത്. എൽഡിഎഫ് നേരിട്ട് രാഷ്ടീയം പറഞ്ഞാണ് വോട്ട് തേടുന്നതെന്നും വി എസ് സുനിൽകുമാർ പറഞ്ഞു. അതേസമയം, ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് രാഹുലിന്റെ കേരള സന്ദർശനം മാറ്റിയതെന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് അറിയിച്ചത്.
ചാവക്കാട്, കുന്നത്തൂർ , ആലപ്പുഴ എന്നിവിടിങ്ങളിൽ രാഹുൽ പങ്കെടുക്കേണ്ട പരിപാടികൾ ഇതോടെ ഒഴിവാക്കുകയായിരുന്നു. കേരളത്തിൽ ഇന്നലത്തോടെ പരസ്യ പ്രചാരണം അവസാനിക്കുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെയാണ് വിധിയെഴുതുക. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന് എന്നും അദ്ദേഹം പറഞ്ഞു.