മുംബൈ : ജാതകത്തിന്റെ പേരിൽ കല്യാണങ്ങള്‍ മുടങ്ങില്ലെന്ന തീരുമാനവുമായി ബോംബൈ ഹൈക്കോടതി. വിവാഹവാഗ്‌ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ച ശേഷം ഗ്രഹനില ശരിയല്ലെന്ന് പറഞ്ഞ് പിന്മാറിയ കേസ് പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്‌കെ ഷിന്‍ഡെയുടെ വിധി. ജാതക കാരണം പറഞ്ഞ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ടുപോവുന്നത് അംഗീകരിക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.
തനിക്കെതിരെ ചുമത്തിയ ബലാത്സംഗ, വഞ്ചനാ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവിനാശ് മിത്ര എന്ന 32കാരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിശദീകരണം. ഇത് ബലാത്സംഗമോ,വഞ്ചനാ കേസോ അല്ല, വാഗ്‌ദാന ലംഘനം മാത്രമെ ഇവിടെ നടന്നിട്ടുള്ളുവെന്ന് പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പ്രതിക്ക് പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് വ്യക്തമാണെന്ന് വാദങ്ങള്‍ തള്ളികൊണ്ട് കോടതി അഭിപ്രായപ്പെട്ടു.
2012 മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇരുവരും അടുപ്പത്തിലായത്. പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിക്കാന്‍ മിത്രയോട് ആവശ്യപ്പെട്ടപ്പോള്‍ പ്രായമായില്ലെന്ന് പറഞ്ഞ് ഇയാള്‍ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിക്കുകയാണ് ചെയ്തത്. പിന്നീടും പലതവണ തന്നെ അവഗണിച്ചപ്പോള്‍ പോലീസിനെ സമീപിച്ചു. പോലീസ് വിളിപ്പിച്ചപ്പോള്‍ വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ച മിത്ര പിന്നീട് ഗ്രഹനിലയുടെ പേരു പറഞ്ഞ് ഒഴിവാകുകയായിരുന്നു. ഇതോടെയാണ് കേസ് കോടതിയില്‍ എത്തിയത്.