കോഴിക്കോട് : മലയാളി വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനം വിടുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും. മലബാർ ക്രിസ്ത്യൻ കോളേജിൽ ഫെബ്രുവരി 18നാണ് മുഖാമുഖം പരിപാടി. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കും. നവകേരള സദസിന്‍റെ തുടർച്ചയായി പിണറായി വിജയൻ തെരഞ്ഞെടുക്കപ്പെട്ട 10 മേഖലയിൽ നിന്നുള്ളവരുമായി നടത്തുന്ന മുഖാമുഖം പരിപാടിയുടെ ആദ്യപതിപ്പാണ് കോഴിക്കോട് നടക്കുക. വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളാണ് ചർച്ചയാവുക. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നര വരെ നീളുന്ന പരിപാടിയിൽ 2000 കുട്ടികൾ പങ്കെടുക്കും. സംസ്ഥാനത്ത് നിന്ന് വ്യാപകമായി വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് വലിയ ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നീക്കം.
നിയമസഭയിൽ പ്രചാരണത്തെ എതിർത്ത മുഖ്യമന്ത്രി വിഷയത്തിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് മറുപടി നൽകുമെന്നതും ശ്രദ്ധേയം. ഓരോ കോളേജുകളിൽ നിന്നും രണ്ട് കുട്ടികൾക്കാണ് അവസരം. പകുതി പെൺകുട്ടികളായിരിക്കണമെന്നും നിബന്ധന. ഉന്നത വിദ്യാഭ്യാസമേഖലയെ കുറിച്ചുള്ള കുട്ടികളെഴുതിയ ഉപന്യാസങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കാണ് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യം ചോദിക്കാനുള്ള അവസരം ലഭിക്കുക. വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിലെത്തും.