ഉപയോക്താക്കളുടെ സ്വകാര്യത ഇനിയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചർ പരീക്ഷിച്ച് വാട്‌സ്ആപ്പ്. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കായി പുതിയ ‘റെസ്ട്രിക്റ്റഡ് ചാറ്റ്’ ഫീച്ചറാണ് കമ്പനി ബീറ്റാ ഉപയോക്താക്കളിൽ പരീക്ഷിച്ചുതുടങ്ങിയത്. സുപ്രധാന ആശയവിനിമയങ്ങൾ ഒരു തരത്തിലും ചോരില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. വാട്സ്ആപ്പിന്റെ നിലവിലുള്ള ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി’ ഫീച്ചറിന്റെ കൂടുതൽ നവീകരിച്ച രൂപമാണ് റെസ്ട്രിക്റ്റഡ് ചാറ്റ്. ഇത് പ്രവർത്തനക്ഷമമാക്കിയാൽ അധിക സുരക്ഷ ഉറപ്പാക്കാൻ സാധിക്കുംവിധം നാല് തരത്തിലുള്ള നിയന്ത്രണങ്ങൾ ചാറ്റിൽ പ്രകടമാകും.
1. ചാറ്റിൽ അയക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫോണിലെ ഗാലറിയിൽ ഓട്ടോമാറ്റിക്കായി സേവ് ആകില്ല.
2. ആ ചാറ്റ് എക്‌സ്‌പോർട്ട് ചെയ്യാൻ കഴിയില്ല.
3. ആ പ്രത്യേക സംഭാഷണത്തിനുള്ളിൽ മെറ്റാ എഐ ഫീച്ചറുകൾ ഉപയോഗിക്കാൻ കഴിയില്ല.
4. കണക്റ്റ് ചെയ്തിട്ടുള്ള മറ്റ് ഡിവൈസുകളിൽ ഈ ചാറ്റ് ലഭ്യമാകില്ല.
നാലാമത്തെ നിയന്ത്രണമാണ് ഇതിൽ പുതിയതും പ്രധാനപ്പെട്ടതുമെന്ന് വിലയിരുത്തപ്പെടുന്നു. അനധികൃത വാട്സ്ആപ്പ് ക്ലയന്റുകളും എഐ ടൂളുകളും സാധാരണയായി സന്ദേശങ്ങൾ വായിക്കാൻ ലിങ്ക്ഡ് ഡിവൈസുകളെയാണ് ആശ്രയിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആ പഴുത് അടയ്ക്കുന്നതിലൂടെ എഐ ടൂളുകൾക്കക്കം സംഭാഷണങ്ങളിലേക്ക് പ്രവേശിക്കാനുള്ള വഴി അടയ്ക്കപ്പെടുന്നു. ഏതെങ്കിലും ഉപയോക്താവ് തന്റെ വാട്സ്ആപ്പ് അക്കൗണ്ടിൽ അനൗദ്യോഗിക ആപ്പോ എഐ ഏജന്റോ കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലും റെസ്ട്രിക്റ്റഡ് ചാറ്റിനുള്ളിലെ സന്ദേശങ്ങൾ വായിക്കാൻ ആ ടൂളിന് കഴിയില്ല.
റെസ്ട്രിക്ടഡ് ചാറ്റ് പ്രവർത്തനക്ഷമമാക്കുമ്പോൾ ആ സംഭാഷണത്തിലെ സന്ദേശങ്ങൾ പ്രൈമറി ഡിവൈസിൽ മാത്രമേ അയക്കാനും സ്വീകരിക്കാനും കഴിയൂ എന്ന് വ്യക്തമാക്കിക്കൊണ്ട് വാട്സ്ആപ്പ് ഒരു സിസ്റ്റം മെസ്സേജ് കാണിക്കും. ചാറ്റിലുള്ള എല്ലാവർക്കും നിയന്ത്രണത്തെക്കുറിച്ച് അറിവ് നൽകുന്നതിനാണിത്.
































