തിരുവനന്തപുരം: എരുമേലി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്നയുടെ പിതാവിന് കോടതി നോട്ടീസ്. ജെസ്ന തിരോധാന കേസിലെ അന്വേഷണം താല്‍കാലികമായി അവസാനിപ്പിച്ചുകൊണ്ടുള്ള സിബിഐ റിപ്പോര്‍ട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാൻ നിര്‍ദ്ദേശിച്ചുകൊണ്ടാണ് ജെസ്നയുടെ പിതാവിന് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. പരാതി ഉണ്ടെങ്കില്‍ ഈ മാസം 9 നുള്ളില്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായില്ലെന്നാണ് സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയത്.
ഭാവിയിൽ പുതിയ തെളിവുകള്‍ ലഭിക്കുകയാണെങ്കിൽ തുടരന്വേഷണം നടത്തുമെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. 2018 മാർച്ച് 22നാണ് ബന്ധുവീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞിറങ്ങിയ ജെസ്നയെ കാണാതാകുന്നത്. ലോക്കൽ പോലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്. 2021 ഫെബ്രുവരിൽ കേസേറ്റെടുത്ത സിബിഐക്കും ജെസ്ന എവിടെയെന്ന കണ്ടെന്നായില്ല. മതപരിവർത്തന കേന്ദ്രങ്ങളിലടക്കം സംസ്ഥാനത്തനകത്തും പുറത്തും അന്വേഷണം നടത്തി. പിതാവിനും ജെസ്നയുടെ ആണ്‍ സുഹൃത്തിനുമെതിരെയായിരുന്നു ചിലർ സംശയമുന്നയിച്ചത്.
രണ്ട് പേരെയും രാജ്യത്തെ മികച്ച് ലാബുകളിൽ കൊണ്ടുപോയി ശാസ്ത്രീയ പരിശോധന നടത്തി. തിരോധാനത്തിൽ രണ്ടുപേർക്കും പങ്കില്ലെന്ന് തെളിഞ്ഞു. കാണാതാകുന്നതിന് തലേ ദിവസം മരിക്കാൻ പോകുന്നവെന്ന ഒരു സന്ദേശമാണ് ജെസ്ന സുഹൃത്തിന് അയച്ചത്. പക്ഷേ ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജെസ്നയെ കാണില്ലെന്ന് റിപ്പോർട്ട് ചെയ്ത ആദ്യ 48 മണിക്കൂറിൽ ലോക്കൽ പോലീസിന് വലിയ അലംഭാവം ഉണ്ടായെന്ന് റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കുന്നു.





























