ജനീവ : കോവിഡ് പ്രതിരോധത്തിൽ പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന. മോശം അവസ്ഥയിൽനിന്ന് അതീവമോശം നിലയിലേയ്ക്കാണ് ലോകത്തിന്റെ പോക്കെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ് അധാനോം പറഞ്ഞു. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും പല രാജ്യങ്ങളിലും കാര്യമായ പ്രതിരോധ നടപടികളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1.32 കോടി കടന്നു. മരണം 5.74 ലക്ഷം ആയി. അമേരിക്കയിൽ 24 മണിക്കൂറിൽ 63,000 പുതിയ രോഗികൾ ഉണ്ടായി. ന്യുയോർക്കിൽ മാർച്ചിന് ശേഷം കോവിഡ് മരണങ്ങൾ ഇല്ലാത്ത ആദ്യ ദിവസമായിരുന്നു ഇന്നലെ. മരണനിരക്ക് ഗണ്യമായി കുറയ്ക്കാനായത് അമേരിക്കയ്ക്ക് ആശ്വാസമായി.
ഇന്ത്യയിലും കോവിഡ് വ്യാപനം അതിരൂക്ഷമാണ്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. പ്രതിദിന കണക്കിൽ ഇന്ന് റെക്കോർഡ് വർധന രേഖപ്പെടുത്തിയേക്കും. മഹാരാഷ്ട്രയിൽ ഇന്നലെ 6,497 കേസുകളും 193 മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 4328 കേസുകളാണ് സ്ഥിരീകരിച്ചത്. ദില്ലിയിൽ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറയുന്നത് ആശ്വാസകരമാണ്.
ഇന്നലെ 1236 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. യുപിയും ഗുജറാത്തും പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഇന്ന് മരണസംഖ്യ 500 കടക്കും. 19 സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയായ 63.2% ക്കാള്‍ കൂടുതലാണ്. പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങളോട് ഐസിഎംആർ നിർദ്ദേശിച്ചിട്ടുണ്ട്.