Tuesday, March 25, 2025 5:16 am

‘ ഇവരെ ആരാണ് പറഞ്ഞ് മനസ്സിലാക്കുക’ ; പൊതുജനാരോഗ്യ വിദഗ്ധർക്കെതിരെ മന്ത്രി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ നിപ ബാധിച്ച് വിദ്യാർഥി മരിച്ച സംഭവത്തിന് പിന്നാലെ, ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്നതിനെതിരെ ആരോ​ഗ്യമന്ത്രി വീണാ ജോർജ് രം​ഗത്ത്. പൊതുജനാരോഗ്യ പ്രശ്നങ്ങളെ ഒന്നിച്ച് നേരിടേണ്ടതാണെന്നും അതിനു നടുവില്‍ ഒരു സമൂഹം പൊരുതി കൊണ്ടിരിക്കുമ്പോള്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്നത് ഒരു പൊതുജനാരോഗ്യ പ്രവര്‍ത്തനം അല്ലെന്നും നമ്മുടെ ചില ‘പൊതുജനാരോഗ്യ വിദഗ്ധരെ’ ആരാണ് പറഞ്ഞു മനസ്സിലാക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. ലോകത്ത് മറ്റെല്ലായിടത്തും നിപ വൈറസ് എങ്ങനെയാണ് വൈറസ് വവ്വാലുകളില്‍ നിന്നും മനുഷ്യനില്‍ എത്തുന്നത് എന്നത് സംശയത്തിന് അതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കേരളത്തില്‍ മാത്രം അത് ഇതുവരെ സാധ്യമായില്ലെന്നുമുള്ള പ്രചാരണത്തിനെതിരെയാണ് മന്ത്രി രം​ഗത്തെത്തിയത്. കേരളത്തില്‍ നിപ ബാധിച്ചിട്ടുള്ള എല്ലാ ജില്ലകളിലും അതിനോട് ചേര്‍ന്ന് കിടക്കുന്ന ജില്ലകളിലും വൈറസിന്റെയോ ആന്റിബോഡിയുടെയോ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് മറ്റൊരിടത്തും നിപ ഉണ്ടായ ഇടങ്ങളിലെല്ലാം ഇത് സാധ്യമായിട്ടില്ലെന്നും മന്ത്രി കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

പൊതുജനാരോഗ്യ പ്രശ്നങ്ങളെ ഒന്നിച്ച് നേരിടേണ്ടതാണെന്നും അതിനു നടുവില്‍ ഒരു സമൂഹം പൊരുതി കൊണ്ടിരിക്കുമ്പോള്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്നത് ഒരു പൊതുജനാരോഗ്യ പ്രവര്‍ത്തനം അല്ലെന്നും നമ്മുടെ ചില ‘പൊതുജനാരോഗ്യ വിദഗ്ധരെ’ ആരാണ് പറഞ്ഞു മനസ്സിലാക്കുക?’ ലോകത്ത് നിപ ബാധിച്ചിട്ടുള്ള മറ്റ് ഇടങ്ങളില്‍ അതിന്റെ ഉറവിടം, അല്ലെങ്കില്‍ എങ്ങനെയാണ് വൈറസ് വവ്വാലുകളില്‍ നിന്നും മനുഷ്യനില്‍ എത്തുന്നത് എന്നത് സംശയത്തിന് അതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കേരളത്തില്‍ മാത്രം അത് ഇതുവരെ സാധ്യമായില്ല എന്നും നാം വര്‍ഷങ്ങളായി കേള്‍ക്കുന്ന ഒരു കഥയാണ്. ഈ കഥ പറയുന്നവരില്‍ ഇതിന്റെ വസ്തുതകളെ പറ്റി ധാരണയില്ലാത്തവരും നിക്ഷിപ്ത താല്പര്യം മുന്‍നിര്‍ത്തി ഇത്തരം ഒരു ധാരണ പടര്‍ത്തുന്നവരുമുണ്ട്.

എന്താണ് ഇതിന്റെ വസ്തുത?

ലോകത്തിന്റെ നിപ അറിവിന് ഏതാണ്ട് 25 വര്‍ഷത്തെ ചരിത്രമേ ഉള്ളൂ. അതും അഞ്ച് രാജ്യങ്ങളില്‍ മാത്രമേ നിപ ഔട്ട് ബ്രേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ, മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഇന്ത്യ എന്നിവയാണ് ആ അഞ്ച് രാജ്യങ്ങള്‍. ഓരോ രാജ്യങ്ങളിലും നിപ ബാധ ഉണ്ടായപ്പോള്‍ രോഗത്തെപ്പറ്റി എന്തെല്ലാം കാര്യങ്ങള്‍ മനസ്സിലാക്കി എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. മലേഷ്യയില്‍ നിപ വന്നപ്പോള്‍ നിപ രോഗം മനുഷ്യരിലും പന്നികളിലും കണ്ടെത്തുകയുണ്ടായി. പന്നികളെ കൈകാര്യം ചെയ്തവര്‍ക്ക് രോഗമുണ്ടായി എന്നതാണ് രോഗത്തിന്റെ ഉറവിടം മലേഷ്യയില്‍ കണ്ടെത്തി എന്ന് വിദഗ്ധര്‍ പറയുന്നതിന്റെ അടിസ്ഥാനം. എന്നാല്‍ പന്നികള്‍ക്ക് എങ്ങനെ ഈ രോഗം കിട്ടി എന്നത് ഇപ്പോഴും അജ്ഞാതമാണ്. വവ്വാലുകളാല്‍ മലീമസമായ പഴവര്‍ഗങ്ങള്‍ പന്നികള്‍ കഴിച്ചിരുന്നിരിക്കാം എന്നതും. പന്നിക്കൂടുകള്‍ നിലനിന്നിരുന്ന സ്ഥലങ്ങളിലുള്ള മരങ്ങളിലെ വവ്വാലുകളില്‍ പില്‍ക്കാലത്ത് വൈറസ് കണ്ടെത്തി എന്നതും ഒക്കെയേ തെളിവുകളായി നമ്മുടെ മുന്നില്‍ ഉള്ളൂ. സിംഗപ്പൂരിൽ നിപ ബാധ ഉണ്ടായെങ്കിലും നിപയുടെ ഒരു പ്രഭവകേന്ദ്രം ആയിരുന്നില്ല, ആ രാജ്യം. മലേഷ്യയിൽ നിന്നും പന്നികളെ ഇറക്കുമതി ചെയ്തതിലൂടെയാണ് സിംഗപ്പൂരിൽ രോഗാണു ബാധയുണ്ടായത്.

ബംഗ്ലാദേശിലേക്ക് വന്നാല്‍ അന്‍പതിലധികം ഔട്ട് ബ്രേക്കുകള്‍ ആണ് ബംഗ്ലാദേശില്‍ ഉണ്ടായിട്ടുള്ളത്. മിക്കവര്‍ഷങ്ങളിലും ഒന്നിലധികം ഔട്ട് ബ്രേക്ക് ഉണ്ടാകുന്നുണ്ട്. മിക്ക രോഗികളെയും രോഗം ബാധിക്കുന്ന സമയത്ത് കണ്ടെത്താറില്ല. ശേഖരിച്ചു വെച്ചിരിക്കുന്ന സാമ്പിളുകളില്‍ നിന്നും വന്നുപോയത് നിപയാണ് എന്ന്, രോഗം പൂര്‍ണമായും സമൂഹത്തില്‍ നിന്നും പിന്‍വാങ്ങിയതിനുശേഷം കണ്ടെത്തുക ആണ് മിക്കപ്പോഴും നടക്കുന്നത്. അവിടെ അത് മാത്രമേ സാധ്യമാവുകയുള്ളൂ. ധാരാളം രോഗികള്‍ ഉണ്ടായി എന്ന സാധ്യത പ്രയോജനപ്പെടുത്തി കേസ് – കൺട്രോൾ സ്റ്റഡി നടത്താന്‍ മാത്രമേ അവർക്ക് കഴിഞ്ഞിട്ടുള്ളൂ. പ്രകൃതിയില്‍ നിന്നും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗികള്‍ ആയവരെയും ആകാത്തവരെയും രണ്ടു വലിയ ഗ്രൂപ്പുകള്‍ ആക്കി തിരിച്ച് രണ്ടിലും ഉള്ള ശീലങ്ങള്‍ വിലയിരുത്തിയാണ് കേസ് കണ്‍ട്രോള്‍ സ്റ്റഡി സാധ്യമായത്.

അതായത്, കേസ് കണ്‍ട്രോള്‍ പഠനങ്ങളിലൂടെ ഡേറ്റ് പാം സാപ് എന്ന, ചില പനകളില്‍ നിന്നും ശേഖരിക്കുന്ന കള്ള് പോലെയുള്ള പദാര്‍ത്ഥം കഴിക്കുന്നത് രോഗത്തിന് കാരണമാകുന്നു എന്ന സൂചനകള്‍ കിട്ടിയിട്ടുണ്ടെങ്കിലും നാളിതുവരെ ഡേറ്റ് പാം സാപ്പില്‍ നിപ്പാ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ ബംഗ്ലാദേശില്‍ കഴിഞ്ഞിട്ടില്ല. ഡേറ്റ് പാം സാപ്പില്‍ മാത്രമല്ല മറ്റു പഴവര്‍ഗങ്ങളിലോ പ്രകൃതിയില്‍ നിന്നുള്ള മറ്റു വസ്തുക്കളിലോ നിപ്പാ വൈറസിന്റെ സാന്നിധ്യം ബംഗ്ലാദേശില്‍ തിരിച്ചറിയപ്പെട്ടിട്ടില്ല. അതായത് രോഗത്തിന്റെ കാരണം കണ്ടെത്തി എന്ന് പറയുന്ന ബംഗ്ലാദേശില്‍ പോലും, കഴിച്ച വസ്തുവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫിലിപ്പീന്‍സില്‍ ആകട്ടെ മലേഷ്യയിലേതിന് സമാനമായ വൈറസ് ആയിരുന്നു, മലേഷ്യക്ക് സമാനമായ കണ്ടെത്തലുകളാണ് അവര്‍ നടത്തിയത്. കുതിരകളില്‍ രോഗം കണ്ടെത്തി. അപ്പോഴും എങ്ങനെ കുതിരകള്‍ക്ക് അണുബാധ ഉണ്ടായി എന്നത് അജ്ഞാതമാണ്.

ഇന്ത്യയില്‍ തന്നെ പശ്ചിമ ബംഗാളില്‍ കാര്യമായി മുന്നോട്ട് പോകാനേ കഴിഞ്ഞില്ല. രോഗം വന്നു മാറിയതിനുശേഷം ശേഖരിച്ച സാമ്പിളില്‍ അമേരിക്കയിലെ സിഡിസിയുടെ സഹായത്തോടെയാണ് ആദ്യകാലത്ത് അവിടെ നിപ സ്ഥിരീകരിച്ചിരുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ നിപ രോഗത്തെപ്പറ്റി ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. ഐ സി എം ആറിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ സഹായം ഇതില്‍ കാര്യമായി നമുക്കുണ്ടായി എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. നിഷേധിക്കാനാകാത്ത വൈറോളജിക്കല്‍ തെളിവുകളാണ് നിപയുടെ കാര്യത്തില്‍ കേരളത്തിന്റെ പക്കല്‍ ഉള്ളത്. കേരളത്തില്‍ നിപ ബാധിച്ചിട്ടുള്ള എല്ലാ ജില്ലകളിലും അതിനോട് ചേര്‍ന്ന് കിടക്കുന്ന ജില്ലകളിലും വൈറസിന്റെയോ ആന്റിബോഡിയുടെയോ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് മറ്റൊരിടത്തും നിപ ഉണ്ടായ ഇടങ്ങളിലെല്ലാം ഇത് സാധ്യമായിട്ടില്ല.

ഇതില്‍ തന്നെ ഒട്ടേറെ ഇടങ്ങളില്‍ വൈറസിന്റെ അല്ലെങ്കില്‍ വൈറല്‍ RNA യുടെ തന്നെ സാന്നിധ്യമാണ് കണ്ടെത്തിയിട്ടുള്ളത്. ഈ വൈറസിന് കേരളത്തില്‍ നിപ രോഗിയില്‍ കണ്ടെത്തിയ വൈറസുമായി 100% ത്തോളം സാമ്യമുണ്ട്. അതായത് വവ്വാലുകളിലെ വൈറസ് തന്നെയാണ് മനുഷ്യര്‍ക്ക് രോഗം ഉണ്ടാക്കുന്നത് എന്ന് ഉറപ്പിക്കാന്‍ ജനിതക പരിശോധനയിലൂടെ കഴിഞ്ഞ ഒരൊറ്റ പ്രദേശമേ ലോകത്തുള്ളൂ. അത് കേരളമാണ്. ഇപ്പോള്‍ ഉണ്ടായ നിപയുടെ കാര്യത്തില്‍ ഉള്‍പ്പെടെ എല്ലാ അണുബാധകളും വൈറോളജിക്കല്‍ ആയി സ്ഥിരീകരിച്ചതാണ്, രോഗി ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ. 2023ല്‍ നിപ ഔട്ട്ബ്രേക്ക് ഉണ്ടായപ്പോള്‍ ഐസിഎംആറുമായും ആരോഗ്യ വിദഗ്ധരുമായും നടത്തിയ സജീവമായ ചര്‍ച്ചകളും ഗവോഷണ പഠന പ്രവര്‍ത്തനങ്ങളും ഈ അവസരത്തില്‍ പ്രത്യേകം ഒര്‍മ്മിക്കുകയാണ്. അന്ന് എന്‍സിഡിസിയുടെ ഭാരവാഹികള്‍ ഈ പ്രവര്‍ത്തനങ്ങളിലൊക്കെ പങ്കാളികളാകുകയും ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ പഠനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചതിന് ശേഷം പരസ്യമായി ആരോഗ്യ വകുപ്പിന്റേയും മറ്റ് ഇതര വകുപ്പുകളുടേയും യോഗത്തില്‍ കേരള സര്‍ക്കാരിനേയും ആരോഗ്യ പ്രവര്‍ത്തകരേയും അഭിന്ദിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

ഇതുപോലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നൊരിടം ഉണ്ടാകില്ല എന്നുള്ളതും അതോടൊപ്പം എല്ലാവര്‍ക്കും കേരളം മാതൃകയാണെന്നും അവര്‍ പറഞ്ഞു. 2023ല്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ അനുസരിച്ച് വവ്വാലുകളില്‍ ആന്റിബോഡികളുടെ സാന്നിധ്യം സീസണലായി വ്യത്യാസപ്പെടുന്നു എന്നതും അത് ഉച്ചസ്ഥായിയില്‍ ആകുന്നത് മെയ് മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള സമയത്താണ് എന്നും നാം കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല മനുഷ്യരില്‍ നിന്നും ശേഖരിച്ച നിപ വൈറസ്, സിറിയന്‍ ഹാംസ്റ്റർ മൃഗത്തില്‍ പരീക്ഷിച്ച് ആ മൃഗത്തിനുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ മനുഷ്യരുടെ ഇതുമായി സാമ്യമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ലോകത്തില്‍ നിപ ബാധ ഉണ്ടായ മറ്റ് ഏതൊരു ഇടത്താണ് ഇതൊക്കെ സാധിച്ചിട്ടുള്ളത്? എന്നിട്ടും നിപ ഉണ്ടായ മാര്‍ഗം കണ്ടെത്തുന്നതില്‍ കേരളം പരാജയപ്പെട്ടു എന്ന് പറയുന്നത് എത്ര ദുഷ്ടലാക്കോട് കൂടിയാണ് എന്നുള്ളത് നാം മനസിലാക്കേണ്ടതാണ്.

നിപ വളരെ അപൂര്‍വമായ ഒരു രോഗമാണ്. വിചാരിച്ചിരിക്കാത്ത അവസരത്തില്‍ ഒരാളിലേക്ക് ഈ രോഗം കടന്നു വരുന്നു. അത് അയാള്‍ ഒരു പഴമോ മറ്റു വസ്തുക്കളോ കൈകാര്യം ചെയ്യുമ്പോഴോ, വവ്വാലുകളുടെ സ്രവം അതിന്റെ കാഷ്ടം / മൂത്രം ഇവ വഴിയായി അയാളുടെ ദേഹത്ത് പതിക്കുമ്പോഴോ, മറ്റേതെങ്കിലും അവസരത്തിലോ ആകാം. അയാള്‍ കൈകാര്യം ചെയ്ത ഏതു വസ്തുവില്‍ നിന്നാണ് ആ വൈറസ് കടന്നുവന്നത് എന്നറിയുക ഏറെ ബുദ്ധിമുട്ടുള്ളതാണ്. ലോകത്ത് ഒരിടത്തും വൈറോളജിക്കല്‍ ആയി ഇത്തരം ഒരു അവസ്ഥ കണ്ടെത്തിയിട്ടില്ല. ഏതാണ്ട് 100% വിഫലമാണെന്ന് അറിഞ്ഞിട്ടും നാം ഈ ഉദ്യമം നടത്തിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ ഈ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയിട്ടാണ് കോഴിക്കോട്ട് 2023ല്‍ നിപ ഗവേഷണത്തിന് വേണ്ടി പ്രത്യേകമായിട്ടുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. വണ്‍ ഹെല്‍ത്തിന്റെ ഭാഗമായാണത് സ്ഥാപിച്ചത്. ലോകത്തില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ പ്രകൃതിജന്യ വസ്തുക്കള്‍ നിപ വൈറസിന്റെ സാന്നിധ്യത്തിനായി വൈറോളജിക്കല്‍ പരിശോധന നടത്തിയിട്ടുള്ള നാട് കേരളമായിരിക്കും. നാം അത് ഇനിയും തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം ഈ സമസ്യക്കും കൂടി നമുക്ക് ഉത്തരം കിട്ടേണ്ടതായി ഉണ്ട്.

വസ്തുതകള്‍ മേല്‍പ്പറഞ്ഞതായിരിക്കെ, അതിനെയൊക്കെ പൂര്‍ണ്ണമായും തമസ്‌കരിച്ചുകൊണ്ട് വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒരു തീവ്രമായ മഹാമാരി സാധ്യതയുള്ള രോഗം സമൂഹത്തില്‍ കടന്നെത്തിയിരിക്കുന്ന അവസരത്തില്‍ പൊതുമാധ്യമങ്ങളിലൂടെ ഉന്നയിക്കുകയും, ഫീല്‍ഡില്‍ ആളുകളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ പരിശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടേയും ആത്മവീര്യം കെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരെക്കുറിച്ച് എന്തു പറയാനാണ്..

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരി വേട്ടക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

0
കൊല്ലം : ലഹരി വേട്ടക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം....

ആശാവർക്കർമാരുടെ രാപ്പകൽ സമരം 44 ആം ദിവസത്തിലേക്ക്

0
തിരുവനന്തപുരം : ആശാവർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം 44...

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കി

0
പത്തനംതിട്ട : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വയോജനങ്ങളായ ഗുണഭോക്താക്കള്‍ക്ക് കട്ടിലുകളും അടുക്കള മാലിന്യം...

സ്‌കൂള്‍ സമഗ്ര ആരോഗ്യപദ്ധതി (ഫസ്റ്റ്‌ബെല്‍ )യുടെ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : സ്‌കൂള്‍ സമഗ്ര ആരോഗ്യപദ്ധതി (ഫസ്റ്റ്‌ബെല്‍ ) യുടെ ജില്ലാതല...