സിം കാര്‍ഡിന്റെ നാലുമൂലകളില്‍ ഒരു മൂലയില്‍ ഒരു വെട്ട് കണ്ടിട്ടില്ലേ? അതെന്തിനാണെന്ന് അറിയാമോ? ചില കാര്യങ്ങള്‍ അങ്ങനെയാണ് നിത്യമുപയോഗിക്കുന്ന പല സംഗതികളുടെയും കൃത്യമായ ഒരു ചിത്രം നമുക്ക് അറിയില്ല. മുറിഞ്ഞുപോയ പോലെ കാണുന്ന ആ ഡിസൈനിന് പിന്നിൽ ഒരു കാരണമുണ്ട്. അത് എന്തിനാണെന്ന് 99 ശതമാനം പേര്‍ക്കും അറിയില്ല. അതറിയാൻ ആണെങ്കിൽ നമ്മൾ ശ്രമിച്ചിട്ടുമില്ല.
സിം കാർഡ് ഈ രീതിയിൽ രൂപകൽപന ചെയ്തതിന് പിന്നിലെ കാരണം പറയുകയാണ് സാങ്കേതിക വിദഗ്ധര്‍.
ഫോണിൽ കൃത്യമായി ഫിറ്റാകാൻ വേണ്ടിയാണ് സിം കാർഡിന്‍റെ ഒരു കോൺ മുറിച്ചിരിക്കുന്നത്. ഇതിലൂടെ സിം കാർഡ് നേരെയാണോ അതോ തലതിരിച്ചാണോ ഇടുന്നത് എന്ന് ആളുകൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്നു. സിം കാർഡ് തലതിരിച്ചാണ് ഇടുന്നതെങ്കിൽ അത് പ്രവർത്തിക്കുകയില്ല. ഇത് മൊബൈലിൽ നെറ്റ്‌വർക്ക് കിട്ടുന്നത് തടയുകയും സിം കാർഡിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യും. ആദ്യകാലങ്ങളിൽ ക്രെഡിറ്റ് കാർഡിന്‍റെ വലിപ്പത്തിലുള്ള വലിയ സിം കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് മൊബൈൽ ഫോണുകൾ ചെറുതാകുകയും മിനി മൈക്രോ, നാനോ സിം കാർഡുകളിലേക്ക് മാറുകയും ചെയ്തപ്പോഴാണ് ഉപയോക്താക്കളുടെ എളുപ്പത്തിനായി ഈ അസിമിട്രിക് ഡിസൈൻ കൊണ്ടുവന്നത്.
‘സബ്സ്ക്രൈബർ ഐഡന്റിറ്റി മോഡ്യൂൾ’ എന്നാണ് സിം കാര്‍ഡിന്‍റെ പൂര്‍ണരൂപം. മൊബൈൽ ഉപകരണത്തെ സെല്ലുലാർ നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കുകയാണ് ഇതിന്റെ ചുമതല. ഇന്റർനാഷണൽ മൊബൈൽ സബ്സ്ക്രൈബർ ഐഡന്റിറ്റി നമ്പറും അതുമായി ബന്ധപ്പെട്ട കീകളും ഇതിൽ സൂക്ഷിച്ചുവെക്കുന്നു. ഇവയുടെ സഹായത്തോടെയാണ് ഒരു മൊബൈൽ നെറ്റ്‌വർക്ക് ഉപയോക്താവിനെ തിരിച്ചറിയുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നത്.
ഫോൺ സ്വിച്ച് ഓൺ ചെയ്ത ശേഷം, മൊബൈൽ സിം കാർഡിലെ ഡാറ്റ വായിക്കുകയും അത് മൊബൈൽ നെറ്റ്‌വർക്കിലേക്ക് കൈമാറുകയും ചെയ്യുന്നു. ഈ പ്രക്രിയയ്ക്ക് ശേഷം, നെറ്റ്‌വർക്ക് ഉപയോക്താവിന്റെ ഐഡന്റിറ്റി പരിശോധിച്ചു ഉറപ്പുവരുത്തുന്നു. ഉപയോക്താവിന് നെറ്റ്‌വർക്ക് ഉപയോഗിക്കാൻ അനുമതിയുണ്ടോ എന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഈ കാരണം കൊണ്ടാണ് ഒരു കമ്പനിയുടെ സിം കാർഡിന് മറ്റൊരു കമ്പനിയുടെ നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യാൻ സാധിക്കാത്തത്.


































