ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ (വൈഡ് ബോഡി) വിമാനങ്ങളുടെ സര്‍വ്വീസ് തത്കാലം നിര്‍ത്തിവെച്ചത് സുരക്ഷാവിദഗ്‌ധരുടെ നിര്‍ദേശപ്രകാരമാണെന്നും കാലവര്‍ഷം കഴിഞ്ഞാലുടന്‍ സര്‍വ്വീസ് പുനരാരംഭിക്കാനുള്ള അനുമതി നല്‍കുമെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ എം.പി.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ക്ക് ഉറപ്പുനല്‍കി. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എം.പി.മാര്‍ ഡി.ജി.സി.എ.യുമായി വ്യാഴാഴ്ച ചര്‍ച്ചചെയ്തു.
ഔദ്യോഗികമായി രേഖാമൂലമുള്ള അറിയിപ്പോ, വ്യക്തമായ കാരണങ്ങളോ ഇല്ലാതെ സര്‍വിസ് നിര്‍ത്തലാക്കുന്നത് പരമോന്നത റെഗുലേറ്ററിയുടെ വിശ്വാസ്യതക്ക് കളങ്കമേല്‍പ്പിക്കുന്നതും പൊതുമേഖലയില്‍ മികച്ച രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നതുമാണെന്നും കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടിയതായി എം.പിമാര്‍ വ്യക്തമാക്കി.